തിരുവനന്തപുരം :ബാലരാമപുരം ജംഗ്ഷനിലെ ട്രാഫിക് പരിഷ്ക്കാരത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്.തിരക്കേറിയ സമയങ്ങളിൽ പൊലീസ് ഏർപ്പെടുത്തുന്ന തെറ്റായ ട്രാഫിക് പരിഷ്ക്കാരം വാഹനയാത്രക്കാരെ വലയ്ക്കുന്നതിനെ കുറിച്ച് പരിശോധന നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്.ട്രാഫിക് പരിഷ്കാരം സംബന്ധിച്ച് പരിശോധന നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നടപ്പാക്കി പരാജയപ്പെട്ട പരിഷ്ക്കാരങ്ങൾ വീണ്ടും നടപ്പാക്കുകയാണെന്നാണ് ബാലരാമപുരത്ത് പരാതി ഉയർന്നത്.
കാട്ടാക്കട റോഡിലേക്ക് തിരിയേണ്ട വാഹനങ്ങൾ കൊടിനട ജംഷനിലെത്തി യൂടേൺ എടുത്ത് ബാലരാമപുരം ജംഗ്ഷനിലെത്തി കാട്ടാക്കടയിലേക്ക് തിരിയണമെന്ന പുതിയ പരിഷ്ക്കാരം യാത്രക്കാരെ വലയ്ക്കുന്നതാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥരെ തിരക്കേറിയ സമയങ്ങളിൽ ബാലരാമപുരം ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രണത്തിന് നിയോഗിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.