വിതുര: വിതുരയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ ബന്ധുവും സുഹൃത്തും അറസ്റ്റിൽ. വിതുര പൊട്ടൻ കുളിച്ചപാറ സ്വദേശി രഞ്‌ജു എന്നുവിളിക്കുന്ന വിനോദ് (32), കിളിമാനൂർ അടയമൺ സ്വദേശി ശരത് (23) എന്നിവരെയാണ് വിതുര സിഐ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 14 ഉം 16 ഉം വയസുള്ള സഹോദരിമാരെ പ്രതികൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.രണ്ടു പേർക്കുമെതിരെ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ 28 ന് പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ബന്ധു വീട്ടിൽ നിന്നും ഫോണിൽ വിളിച്ചുവരുത്തി സ്കൂട്ടറിൽ കയറ്റി കിളിമാനൂരിലെ വാടക വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കൾ വീട്ടിൽ വന്നപ്പോൾ പെൺകുട്ടികളെ കണ്ടില്ല. തുടർന്ന് വിനോദ് പെൺകുട്ടിയെ സ്കൂട്ടറിൽ കൊണ്ടുപോയതറിഞ്ഞ് മാതാപിതാക്കൾ തെരച്ചിൽ നടത്തി. ഇതിനിടയിൽ കിളിമാനൂർ നഗരൂരിലുള്ള വാടകവീട്ടിൽ പെൺകുട്ടിയെ പൂട്ടിയിട്ട ശേഷം പ്രതി വിനോദ് രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ നിന്നും പെൺകുട്ടിയെ രക്ഷപ്പെടുത്തി വിതുര പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയുടെ ഇളയ സഹോദരിയും പീഡനത്തിന് ഇരയായതായി അറിയുന്നത്.
14 കാരിയെ വിവാഹം കഴിക്കാനാണെന്നു പറഞ്ഞ് പെൺകുട്ടിയുടെ വീടിന് സമീപത്തെ വനത്തിലടക്കം കൊണ്ടുപോയി പ്രതി ശരത് പീഡിപ്പിക്കുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം നടന്നതെന്ന് പെൺകുട്ടികൾ പോലീസിനു മൊഴി നൽകി. പ്രതികൾ രണ്ടുപേരും ടാപ്പിങ് തൊഴിലാളികളാണ്. പ്രതി വിനോദ് വിവാഹിതനാണ്. വിനോദിനെ പത്തനംതിട്ടയിൽ നിന്നും ശരത്തിനെ പെരിങ്ങമലയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.