ആരെന്നറിയാത്ത യുവാവിന് ന്യൂറോ സര്‍ജറി നടത്തി രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

 

 

തിരുവനന്തപുരം: വാഹനാപകടത്തില്‍ തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റ് ആരെന്നറിയാതെ ആശുപത്രിയിലെത്തിച്ച യുവാവിന് ലക്ഷങ്ങള്‍ ചെലവാകുന്ന ന്യൂറോ സര്‍ജറി ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സയും പരിശോധനയും പരിചരണവും നല്‍കി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് രക്ഷപ്പെടുത്തി. ജീവിതത്തിലേക്ക് തിരിച്ചു വന്ന മലപ്പുറം പുതുപൊന്നാനി സ്വദേശി ഷറഫുദ്ദീന്‍ (34) ഇന്ന് മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജായി.

 

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് ടീമിനെ വിളിച്ച് അഭിനന്ദിച്ചു. പേരും വിലാസവും ഒന്നും അറിയാതിരുന്നിട്ടും കാവലായി നിന്ന് ഒരേ മനസോടെ പരിചരണം നല്‍കിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് എല്ലാ ജിവനക്കാരേയും അഭിനന്ദിക്കുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അപടകത്തിലും അല്ലാതെയും ദിവസവും നിരവധി അജ്ഞാതരേയാണ് ചികിത്സയ്‌ക്കെത്തിക്കുന്നത്. അവര്‍ക്ക് വേണ്ട ചികിത്സയും മരുന്നും ഭക്ഷണവും കരുതലുമെല്ലാം ആ മെഡിക്കല്‍ കോളേജുകളും അവിടെയുള്ള ഒരു കൂട്ടം ജീവനക്കാരുമാണ് നിര്‍വഹിക്കുന്നത്. ഇത്തരം സേവനം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

 

റോഡപകടത്തില്‍ തലയ്ക്ക് അതീവഗുരുതരമായി പരിക്കേറ്റ് ആരും ഇല്ലാതെയാണ് 2021 ഡിസംബര്‍ 22ന് കൊല്ലം നീണ്ടകരയില്‍ നിന്ന് ഷറഫുദ്ദീനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ ഷറഫുദ്ദീന് വിദഗ്ധ ചികിത്സ ആരംഭിച്ചു. തലയുടെ സിടി സ്‌കാന്‍ എടുക്കുകയും പരിക്ക് അതീവ ഗുരുതരമെന്ന് മനസിലാക്കി അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. തുടര്‍ന്ന് സൂപ്പര്‍ സ്‌പെഷ്യലിറ്റി വിഭാഗത്തിലെ ട്രോമ കെയര്‍ ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സിച്ചു. കണ്ണിമ തെറ്റാതെ ന്യൂറോസര്‍ജറി വിഭാഗം ഡോക്ടര്‍മാരും ട്രോമ ഐസിയുവിലെ നഴ്‌സുമാരും നഴ്‌സിംഗ് അസിസ്റ്റന്റുമാരും അറ്റന്‍ഡര്‍മാരും ഫിസിയോ തെറാപ്പിസ്റ്റുമാരും അടങ്ങുന്ന ജീവനക്കാര്‍ തങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ആ രോഗിയെ പരിചരിച്ചു.

 

21 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷറഫുദ്ദീന്‍ കണ്ണ് തുറക്കാനും ചെറുതായി പ്രതികരിക്കാനും തുടങ്ങിയത്. അപ്പോള്‍ വളരെ പ്രയാസപ്പെട്ട് കിട്ടിയ വാക്കുകളില്‍ നിന്നാണ് പേരും സ്ഥലവും മനസിലാക്കിയാക്കിയത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന സ്റ്റാഫ് പൊന്നാനിയിലെ ബന്ധുവായ പോലീസുമായി ബന്ധപ്പെട്ടു. പൊന്നാനിയില്‍ നിന്നും ഒരു മിസിംഗ് കേസ് ഉണ്ടെന്ന് കണ്ടെത്തി. ആ കേസില്‍ കാണാതായ വ്യക്തി ഇതാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ സഹായത്തോടെ രോഗിയെ തിരിച്ചറിഞ്ഞു. അങ്ങനെ അവരോടൊപ്പം പുതുജന്മമായി ഷറഫുദ്ദീന്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ നന്ദി പറയാന്‍ വാക്കുകളില്ലാതെ കണ്ണ് നിറയുകയായിരുന്നു.

 

ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി അനില്‍, ന്യൂറോ സര്‍ജറി യൂണിറ്റ് 3 തലവന്‍ ഡോ. കെ.എല്‍. സുരേഷ് കുമാര്‍, ന്യൂറോ സര്‍ജറി വിഭാഗം ഡോക്ടര്‍മാരായ ഡോ. ബി.എസ്. സുനില്‍കുമാര്‍, ഡോ. ജ്യോതിഷ്, ഡോ. അഭിഷേക്, ഡോ. സാനു, ന്യൂറോ സര്‍ജറി വിഭാഗം പിജി ഡോക്ടര്‍മാരായ ഡോ. മനോജ്, ഡോ. സൗമ്യദീപ്ത നന്ദി, ഡോ. രവ്യ, ട്രോമ ഐസിയുവിലെ സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍മാരായ യാമിനി, ബീന, നഴ്‌സിംഗ് ഓഫീസര്‍മാരായ മഞ്ജുഷ, ഇന്ദു, ദിവ്യ, ജസ്‌ന, ഷിജാസ്, ആര്‍ഷ, രമ്യകൃഷ്ണന്‍, ടീന, അശ്വതി, ഷിന്‍സി, വിനീത, സനിത, അജീഷ്, ഫിസിയോ തെറാപ്പിസ്റ്റുകളായ ബിനു, കാവ്യ, അനന്തു, ഹരി അറ്റന്‍ഡര്‍മാരായ ഷീജാമോള്‍, ദീപ, സന്ധ്യ, സുലത, ഗീത എന്നിവരും ഈ ദൗത്യത്തില്‍ പങ്കാളികളായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!