മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയെന്ന് മെഡിക്കൽ ബോർഡ്. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലായതിന് പുറമെ മരുന്നുകളോടും പ്രതികരിച്ചു തുടങ്ങി. അടുത്ത ഇരുപത്തിനാല് മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു. ഗുരുതരാവസ്ഥയിലായ വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണനിലയിൽ എത്തേണ്ടതുണ്ട്. കണ്ണുകൾ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് തലയാട്ടി പ്രതികരിച്ചു തുടങ്ങി. കൈകാലുകൾ ചലനം വീണ്ടെടുത്തതും പ്രതീക്ഷ നൽകുന്നു. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ടി കെ ജയകുമാർ നേതൃത്വത്തിൽ ആറ് വിദഗ്ദ ഡോക്ടർമാരാണ് വാവാ സുരേഷിനെ ചികിത്സിക്കുന്നത്.