വിഴിഞ്ഞം: ബൈക്കിൽ കറങ്ങി നടന്ന് മദ്യവില്പന നടത്തിയ യുവാവ് 80 ലിറ്റർ മദ്യവുമായി പിടിയിൽ. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് നടത്തിയ പരിശോധനയിൽ വിഴിഞ്ഞം ബസ് സ്റ്റാൻഡിന് സമീപം വാറുവിളാകം പുരയിടം വീട്ടിൽ റെജിനാണ് (33) അറസ്റ്റിലായത്. മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും 80 ലിറ്റർ മദ്യവും 30,000 രൂപയും പ്രതിയിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു. തീരദേശം കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് റെജിൻ. 700 രൂപ നിരക്കിൽ മദ്യശാലയിൽ നിന്ന് വാങ്ങുന്ന മദ്യം 1000 രൂപ നിരക്കിലാണ് റെജിൻ കച്ചവടം നടത്തിയിരുന്നത്. ദിവസേന 100 ലിറ്ററിലധികം മദ്യം ഇയാൾ അനധികൃതമായി കച്ചവടം നടത്തിയിരുന്നുവെന്നും ഏതാനും ദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിലായിരുന്നുവെന്നും എക്സൈസ് അധികൃതർ പറഞ്ഞു