കോവളം: കോവളം മുട്ടയ്ക്കാട് ചിറയിൽ 14-കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുമായി പോലീസ് തെളിവെടുത്തു. വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശികളായ റഫീക്ക(50), മകൻ ഷെഫീക്ക്(23) എന്നിവരെയാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തത്. ചൊവ്വാഴ്ച രാവിലെ 10.45-ഓടെയായിരുന്നു തെളിവെടുപ്പ്. മുല്ലൂരിൽ വയോധിക തലയിൽ ചുറ്റികകൊണ്ടുളള അടിയേറ്റു മരിച്ച സംഭവത്തിൽ റഫീക്ക, ഷഫീക്ക്, അൽഅമീൻ എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നായിരുന്നു സമാനരീതിയിൽ നേരത്തേ തങ്ങൾ താമസിച്ചിരുന്ന വാടക വീടിനടുത്തെ പെൺകുട്ടിയെയും കൊലപ്പെടുത്തിയതായി സമ്മതിച്ചത്. റിമാൻഡിലായിരുന്ന പ്രതികളെ തിങ്കളാഴ്ച അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പിനെത്തിച്ചത്. ജനരോഷം ഭയന്ന് ഹെൽമെറ്റ് ധരിപ്പിച്ചായിരുന്നു പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്