കല്ലമ്പലം: മദ്യപിച്ചുണ്ടായ വാക്കുതർക്കത്തിനിടെ മുള്ളറം കോടിന് സമീപം മൂന്ന് പേർ മരിക്കാനിടയായസംഭവത്തിൽ രണ്ടു പേരുടെ മരണം കൊലപാതകവും ഒരാളുടേത് ആത്മഹത്യയുമെന്ന് പോലീസ് സ്ഥിരീകരിച്ചു. മുള്ളറം കോട് കാവുവിള ലീലാ കോട്ടേജിൽ പി.ഡബ്ലിയു.ഡി. ബ്രിഡ്ജസ് ജീവനക്കാരനായ അജികുമാർ (49) ,മുള്ളറം കോട് അജീഷ് ഭവനിൽ അജിത്ത് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രസിഡൻറ് മുക്കു് കാവുവിള വീട്ടിൽ ബിനു രാജ് (ബാബുക്കുട്ടൻ ) (46) ആണ് ആത്മഹത്യ ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്.
വിവാഹമോചിതനും ഒറ്റക്ക് താമസിക്കുന്നയാളുമായ അജികുമാറിൻ്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി മദ്യസൽക്കാരം നടന്നത്. മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇവർ പിരിഞ്ഞു പോവുകയുമായിരുന്നു. പിറ്റേ ദിവസം രാവിലെ പത്രമിടാനെത്തിയയാളാണ് ശരീരമാസകലം മുറിവേറ്റ് ചാരുകസേരയിൽ മരണപ്പെട്ട നിലയിൽ അജികുമാറിനെ കാണുന്നത്. ആത്മഹത്യ ചെയ്ത ബിനു രാജിനു അജികുമാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി അന്വേഷണം നടത്തുന്നതിനിടെ തിങ്കളാഴ്ച രാത്രി മുള്ളറം കോട് ഗണപതി ക്ഷേത്രത്തിന് സമീപത്ത് വെച്ച് അജിത്ത്, പ്രമോദ് ,സജിത്ത് കുമാർ എന്നിവരടങ്ങിയ സംഘം മദ്യപിക്കുന്നതിനിടെ വാക്കേറ്റവും കൈയേറ്റവും ഉണ്ടായി.ഇതിനിടയിൽ സജീവ് കുമാർ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാൻ ഓടിച്ച് അജിത്തിനെയും പ്രമോദിനെയും ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്ത് പരിക്കേറ്റു വീണ അജിത്തിനെയും പ്രമോദിനെയും കൂട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അജിത്ത് മരിച്ചു.പ്രമോദ് ഗുരുതര പരിക്കേറ്റ് ചികിൽസയിലാണ്.അജികുമാറിൻ്റെ കൊലപാതകത്തിൽ ബിനു രാജിലേക്ക് അന്വേഷണം വിരൽ ചൂണ്ടുന്ന വിവരമറിഞ്ഞ ബിനു രാജ് തൻ്റെ ഇരുചക്രവാഹനത്തിൽ നാവായിക്കുളം മങ്ങാട്ടുവാതുക്കലെത്തുകയും ഇരുചക്രവാഹനം റോഡിൽ നിർത്തിയ ശേഷം കെ.എസ്.ആർ.ടി.സി ബസ്സിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.