തിരുവനന്തപുരം: തേനീച്ച ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിൽ മരിച്ച വയോധികയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത പോലീസ്, ആശുപത്രി അധികൃതർക്കെതിരേയും കമ്മിഷൻ അന്വേഷണത്തിന് നിർദേശം നൽകി.
കഴക്കൂട്ടം പോലീസ് അസിസ്റ്റന്റ് കമ്മിഷണറും തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയും ഒരുമാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. ചെമ്പഴന്തി പറയ്ക്കോട് പൂടിയാംകോട് കിഴക്കേവീട്ടിൽ വിജയമ്മയാണ് ജനുവരി 13ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. വിജയമ്മയുടെ മകന്റെ ഭാര്യ ലേഖാകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി. വിജയമ്മയെ രക്ഷിക്കാനെത്തിയ മകൻ സുനിൽകുമാറിന് നേരേയും കാട്ടുതേനീച്ചയുടെ ആക്രമണമുണ്ടായി. ഗുരുതരമായി പരിക്കേറ്റ സുനിൽകുമാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പരാതിക്കാരിയുടെ വീടിനോടുചേർന്ന സ്വകാര്യവ്യക്തിയുടെ വസ്തുവിലെ മരത്തിൽ കൂടുകൂട്ടിയ കാട്ടുതേനീച്ചയുടെ ആക്രമണമാണ് വയോധികയുടെ മരണത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു.കൂടു നശിപ്പിക്കണമെന്ന് വസ്തുവുടമയോടു നിരന്തരം പറഞ്ഞിട്ടും കേൾക്കാത്തതുകൊണ്ടാണ് തങ്ങൾക്ക് ദുരന്തമുണ്ടായതെന്നും പരാതിയിൽ പറയുന്നു. കൗൺസിലറെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പരാതിയിലുണ്ട്.കൂട് നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയുടെ ശ്രീകാര്യം സോണൽ ഓഫീസിൽ 2021 ഡിസംബർ 20ന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല