കല്ലമ്പലം:കല്ലമ്പലത്ത് മദ്യപാനത്തിനിടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്ന കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച സുഹൃത്തിനെ പിക്കപ്പ് വാൻ ഇടിച്ചുകൊന്ന കേസിൽ പ്രതി തോട്ടയ്ക്കാട് കടുവാപ്പള്ളി സ്വദേശി സജീവ് കുമാർ (43) പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് ഓഫീസിലെ ഹെഡ് ക്ലാർക്ക് മുള്ളറംകോട് കാവുവിള ലീലാ കോട്ടേജിൽ അജികുമാറാണ് (49) ഞായറാഴ്ച രാത്രി നടന്ന മദ്യസൽക്കാരത്തിനിടെ കൊല ചെയ്യപ്പെട്ടത്. ഇതിൽ തനിക്ക് പങ്കുണ്ടെന്ന് ആരോപിച്ച മുള്ളറംകോട് അജീഷ് ഭവനിൽ അജിത്തിനെ (29) സജീവ് പിക്കപ്പ് വാൻ ഇടിച്ചു കൊല്ലുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മുള്ളറംകോട് സ്വദേശി പ്രമോദിനും പരിക്കേറ്റു.അതിനിടെ അജികുമാറിനെ കൊലപ്പെടുത്തിയെന്ന് പോലീസ് സംശയിക്കുന്ന കല്ലമ്പലം പ്രസിഡന്റ് ജംഗ്ഷൻ കാവുവിള വീട്ടിൽ ബിനുരാജ് (46) ചൊവ്വാഴ്ച രാവിലെ കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ ചാടി മരിച്ചു. പിക്കപ്പ് വാൻ ഇടിച്ചതും ബസ് ഇടിച്ചതും വെറും അപകടമരണമെന്നാണ് ആദ്യം കരുതിയത്.തുടർന്നുള്ള അന്വേഷണങ്ങളിലാണ് കൊലപാതകവും ആത്മഹത്യയും ചുരുളഴിയുന്നത്.
മരിച്ചവർ മൂന്നുപേരും പ്രതിയും സുഹൃത്തുക്കളാണ്. ഒരുമിച്ചായിരുന്നു മദ്യപാനവും.വിവാഹമോചിതനായ അജികുമാറിന്റെ വീട്ടിൽ സുഹൃത്തുക്കൾ ഒത്തുചേർന്ന് മദ്യപിക്കുക പതിവാണ്. അതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെയാവാം കൊല്ലപ്പെട്ടത്. ഇതിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ മറ്റു നാലുപേർ തിങ്കളാഴ്ച രാത്രി മുള്ളറംകോട് ഗണപതി ക്ഷേത്രത്തിനടുത്തുള്ള ഇടറോഡിൽ ഒത്തുകൂടി മദ്യപിച്ചു. അജിത്തും പ്രമോദും അജികുമാറിന്റെ കൊലപാതകത്തിൽ സജീവിനും പങ്കുണ്ടെന്നും ഇത് പുറത്തുപറയുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് സജീവ് സമീപത്ത് പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാൻ ഓടിച്ച് ഇവരെ ഇടിച്ചിടുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും അജിത്തിനെ രക്ഷിക്കാനായില്ല. സജീവ് വാടകയ്ക്ക് എടുത്ത് ഓടിക്കുന്ന പിക്കപ്പ് വാനാണിത്. സംഭവശേഷം രാത്രിതന്നെ ഇയാൾ കല്ലമ്പലം സ്റ്റേഷനിലെത്തി കീഴടങ്ങി. പിക്കപ്പ് വാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പമുണ്ടായിരുന്ന ബിനുരാജ് സംഭവ സ്ഥലത്തുനിന്ന് പോയശേഷമാണ് അടുത്ത ദിവസം ജീവനൊടുക്കിയത്.നാവായിക്കുളം മങ്ങാട്ടുവാതുക്കലിൽ എത്തി ഓടിച്ചിരുന്ന സ്കൂട്ടർ റോഡരികിൽ പാർക്ക് ചെയ്തശേഷം ബിനുരാജ് അതുവഴി വന്ന സൂപ്പർഫാസ്റ്റിനു മുന്നിൽ ചാടുകയായിരുന്നു. ഇയാളുടെ ശരീരത്തിൽ അതേ ദിശയിൽ വന്ന കാറും കയറിയിറങ്ങി.സംഭവങ്ങളിൽ കൂടുതൽപേർ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നിരവധി പേർ കസ്റ്റഡിയിലാണ്. വർക്കല ഡിവൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.