തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്നൊഴിവാക്കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താൻ ഇന്ന് ചേർന്ന അവലോകന യോഗമാണ് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതോടെ കൊല്ലം ജില്ല മാത്രമായിരിക്കും കർശന നിയന്ത്രണങ്ങൾ ബാധകമായ ജില്ലയിൽ ഉൾപ്പെടുക.കോവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനം. ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്കായി 20 പേർക്ക് പങ്കെടുക്കാൻ അനുമതി. ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരുടെ ആവശ്യത്തെ തുടർന്നാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഞായറാഴ്ച നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഔദ്യോഗിക ഉത്തരവ് വന്നാലെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.