കൊച്ചി: 2021-22 സാമ്പത്തികവര്‍ഷത്തിലെ മൂന്നാംപാദത്തില്‍ കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡിന്‍റെ ആകെ വിറ്റുവരവ് 3435 കോടി രൂപ ആയി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍2936 കോടി രൂപയായിരുന്നു ആകെ വിറ്റുവരവ്.മൂന്നാം പാദത്തില്‍ ഏണിംഗ്സ് ബിഫോര്‍ ഇന്‍ററസ്റ്റ്, ടാക്സ്, ഡിപ്രീസിയേഷന്‍ ആന്‍ഡ് അമോര്‍ട്ടൈസേഷന്‍ (EBITDA) 299 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി288 കോടി രൂപ ഇബിഐടിഡിഎ (EBITDA)ആയി രേഖപ്പെടുത്തിയിരുന്നു.ഈ വര്‍ഷം മൂന്നാം പാദത്തില്‍ ആകമാന ലാഭം (കണ്‍സോളിഡേറ്റഡ് പാറ്റ്)135 കോടി രൂപ ആയപ്പോള്‍ മുന്‍വര്‍ഷം ഇതേ പാദത്തില്‍115 കോടി രൂപ ആയിരുന്നു.
മൂന്നാം പാദത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്നുള്ള വിറ്റ് വരവ് 2497 കോടി രൂപയില്‍ നിന്ന് 15 ശതമാനം വളര്‍ന്ന് 2880 കോടി രൂപയായി. കല്യാണ്‍ ജൂവലേഴ്സിന്‍റെ ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്ന് മാത്രമുള്ള ഇബിഐടിഡിഎ (EBITDA) 253 കോടി രൂപ ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇബിഐടിഡിഎ (EBITDA) 247 കോടി രൂപ ആയിരുന്നു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്നുള്ള ആകമാന ലാഭം മുന്‍ വര്‍ഷത്തെ94 കോടി രൂപയില്‍ നിന്നും118 കോടി രൂപയായി ഉയര്‍ന്നു.ഗള്‍ഫ് മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കമ്പനി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24% ശതമാനം വരുമാന വളര്‍ച്ച നേടി. ഗള്‍ഫിലെ വ്യാപാരത്തില്‍ നിന്നുമുള്ള മൂന്നാം പാദത്തിലെ വിറ്റ് വരവ്417 കോടിയില്‍ നിന്നും515 കോടിരൂപയായി ഉയര്‍ന്നു. ഈ പാദത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഇബിഐടിഡിഎ (EBITDA)31 കോടിയില്‍ നിന്നും46 കോടിയിലേക്ക് വളര്‍ന്നു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഗള്‍ഫിലെ വ്യാപാരത്തില്‍ നിന്നുമുള്ള ആകമാന ലാഭം12 കോടിയില്‍ നിന്നും 16 കോടി രൂപയായി വളര്‍ന്നു.ഇ-കൊമേഴ്സ് വിഭാഗമായ കാന്‍ഡിയര്‍ മൂന്നാം പാദ വിറ്റുവരവില്‍ 40 ശതമാനം വളര്‍ച്ച നേടി. എന്നാല്‍ ആകമാന ലാഭം മുന്‍ വര്‍ഷത്തെ 2.70 കോടി രൂപയില്‍ നിന്നും26 ലക്ഷം രൂപയായി.
21 ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഗള്‍ഫിലെ നാല് രാജ്യങ്ങളിലുമായുള്ള 151 ഷോറൂമുകളിലായി അഞ്ച് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തൃതിയുള്ള റീട്ടെയില്‍ സ്പെയിസ് ഇപ്പോള്‍ കമ്പനിക്കുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 15 പുതിയ ഷോറൂമുകള്‍ കമ്പനി ആരംഭിച്ച് കഴിഞ്ഞു.എല്ലാ പ്രദേശങ്ങളിലും, വിറ്റുവരവിലും ഷോറൂമുകളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും മൂന്നാം പാദത്തിലെ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ വളരെ സംതൃപ്തിയുണ്ടെന്നും കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. നാലാം പാദത്തിന്‍റെ തുടക്കത്തില്‍ കടകള്‍, പ്രത്യേകിച്ച് വാരാന്ത്യത്തില്‍, കോവിഡ് മൂലം അടച്ചിടേണ്ടി വന്നിരുന്നു. വിവാഹങ്ങളും മറ്റുചടങ്ങുകളും മാറ്റിവയ്ക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെങ്കിലും മുന്നോട്ടുള്ള പാദങ്ങളില്‍ മുന്‍ വര്‍ഷത്തേതുപോലെ സ്വര്‍ണവിപണിയിലെ ഉണര്‍വ് തിരികെയെത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കോവിഡ്-19-ന്‍റെ സ്ഥിതി ഞങ്ങള്‍ സസൂഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.