തിരുവനന്തപുരം: പതിമൂന്ന്കാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ മനോരോഗ വിദഗ്ദ്ധൻ ഡോ.ഗിരീഷിന് (58) ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് വിധിച്ചത്.ഒരു ലക്ഷം പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം.പോക്സോ കേസിൽ ഡോക്ടറെ ശിക്ഷിക്കുന്നത് അദ്യമായിട്ടാണ്.2017 ആഗസ്റ്റ് 14 ന് വൈകിട്ട് ഏഴരയോടെ പ്രതിയുടെ മണക്കാടുള്ള വീട്ടിലെ തണൽ എന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.പീഡനത്തിനിരയായ കുട്ടി പഠനത്തിൽ ശ്രദ്ധ കുറവുണ്ടെന്ന് അദ്ധ്യാപകർ പരാതി പറഞ്ഞിരുന്നു.ഇതിനെ തുടർന്ന് സ്കൂൾ അധികൃതർ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണിക്കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.പ്രതി സ്കൂളിൽ പലതവണ മനശാസ്ത്ര ക്ലാസ്സ് എടുക്കുന്നതിനാൽ അദ്ധ്യാപകർ പ്രതിയെ കാണിക്കാൻ രക്ഷിതാക്കളോട് പറഞ്ഞു.ഇതിനാലാണ് രക്ഷിതാക്കൾ കുട്ടിയുമായി പ്രതിയെ കാണിക്കാൻ എത്തിയത്.
കുട്ടിയെ മാത്രമായിട്ടാണ് പ്രതി മുറിക്കുള്ളിൽ ചികിൽസയ്ക്കായി വിളിച്ചത്.ഒരു പസിൾ എടുത്ത് നൽകിയതിന് ശേഷം അത് അസംബിൾ ചെയ്യാൻ പറഞ്ഞു. അശ്ലീല വീഡിയോകൾ കാണാറുണ്ടോയെന്നും പ്രതി കുട്ടിയോട് ചോദിക്കുകയും സെക്സിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. .സംസാരത്തിനിടയിൽ പ്രതി പല തവണകളായി കുട്ടിയുടെ കവിളിൽ ഉമ്മ വെയ്ക്കുകയും സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയും ചെയ്തു.ഇതിൽ കുട്ടി ഭയന്നപ്പോൾ ആരോടും പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. തിരിച്ച് മടങ്ങവെ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത്.വീട്ടുകാർ ഉടനെ ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു.ചൈൽഡ് ലൈനിൽ നിന്നാണ് ഫോർട്ട് പൊലീസിൽ വിവരം അറിയിച്ചത്.
സംഭവത്തിന് ശേഷം കുട്ടിയുടെ മനോനില തകർന്നിരുന്നു. ഈ സംഭവത്തിൽ കുട്ടിയും വീട്ടുകാരും അനുഭവിച്ച ബുദ്ധിമുട്ട് കോടതിക്ക് കാണാതിരിക്കാൻ പറ്റില്ലായെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നുണ്ട്. പ്രതി ഡോക്ടറായതിനാൽ പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.ചികിൽസയ്ക്ക് എത്തിയ മറ്റൊരു ആൺക്കുട്ടിയെ പീഡിപ്പിച്ചതിന് പ്രതിക്കെതിരായ മറ്റൊരു കേസിൽ വിചാരണ അടുത്ത മാസം തുടങ്ങും.വിവാഹിതയായ സ്ത്രീയേയും പീഡിപ്പിച്ച മറ്റൊരു കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.പിഴ തുക കുട്ടിക്ക് നൽക്കണമെന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. ഫോർട്ട് സി ഐയായിരുന്ന അജി ചന്ദ്രൻ നായരാണ് കേസ് അന്വെഷിച്ചത്.15 സാക്ഷികളും 17 രേഖകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.