സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.ആരോഗ്യനില മോശമായതിനാൽ അവരെ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ് പിടിപെട്ടതിനെത്തുടർന്ന് ജനുവരി എട്ടിനാണ് അവരെ മുംബൈയിലെ ബ്രീച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.15 ഭാഷകളിലുമായി 35,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. പ്രമുഖ ഗായിക ആശാ ഭോസ് ലെ ഇളയ സഹോദരിയാണ്. .ഹിന്ദിയിലും മറാഠിയിലുമായി നാലു ചിത്രങ്ങളും നിര്‍മിച്ചു. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്.
1942-ല്‍ തന്റെ 13-ാം വയസ്സിലാണ് ലത ഗാനരംഗത്തേക്ക് വരുന്നത്. വിവിധ ഭാഷകളിലായി ആയിരക്കണക്കിനു ഗാനങ്ങള്‍ ഇവര്‍ പാടിയിട്ടുണ്ട്. പത്മ അവാര്‍ഡുകളും ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.1929 സെപ്റ്റംബര്‍ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും 5 മക്കളില്‍ മൂത്തയാള്‍.
മറാഠി സിനിമയില്‍ ലത പാടിത്തുടങ്ങുന്നത് 13ാം വയസ്സിലാണ്. പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കും മുന്‍പ് ഏതാനും ഹിന്ദി, മറാഠി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. രണ്ടിടത്തും ഭാഗ്യം പരീക്ഷിച്ചെങ്കിലും സംഗീതമാണ് തന്റെ വഴിയെന്നു പിന്നീട് തിരിച്ചറിയുകയായിരുന്നു.അറുപതുകളില്‍ 5 മറാഠി സിനിമകളുടെ സംഗീത സംവിധാനം നിര്‍വഹിച്ച ലത ഒരിക്കല്‍ മികച്ച സംഗീത സംവിധാനത്തിനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.