തിരുവനന്തപുരം: നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ നിന്ന് ജില്ലയ്ക്കകത്തുള്ള പ്രധാന സ്ഥലങ്ങളിലേക്ക് കെ എസ് ആർ ടി സി ” സിറ്റി റേഡിയൽ” സർവ്വീസുകൾ ആരംഭിക്കുന്നു. നഗര കേന്ദ്രങ്ങളിൽ ഇറങ്ങിക്കയറാതെ വളരെ വേഗത്തിൽ മറ്റൊരു പ്രധാന സ്ഥലത്തേക്ക് പെട്ടെന്ന് എത്തിച്ചേരാൻ ഈ സർവ്വീസുകൾ സഹായകമാവും. തിരുവനന്തപുരം നഗരത്തിലെ ഗതാഗത സംവിധാനം അടിമുടി പരിഷ്കരിക്കുന്നതിന്റെ മൂന്നാം ഘട്ടമായാണ് സിറ്റി റേഡിയൽ സർവ്വീസുകൾ വരുന്നത്. നിലവിൽ ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസ്, സിറ്റി ഷട്ടിൽ സർവ്വീസ് എന്നിവയ്ക്ക് പുറമെയാണ് സിറ്റി റേഡിയൽ സർവ്വീസ് ആരംഭിക്കുന്നത്. നഗരകേന്ദ്രങ്ങളിൽ ഇറങ്ങാതെ വളരെ വേഗം നഗരത്തിന്റെ മറുഭാഗത്തുള്ള സ്ഥലത്ത് സമയ ലാഭത്തിലും നിരക്കിളവിലും എത്തിച്ചേരാൻ കഴിയും. കളിയിക്കാവിള – പോത്തൻകോട് റൂട്ടിലാണ് ആദ്യത്തെ സിറ്റി റേഡിയൽ സർവ്വീസ് ഫെബ്രുവരി 7 മുതൽ ആരംഭിക്കുന്നത്. ഉടൻ തന്നെ മറ്റ് പ്രദേശങ്ങളിലേക്കും ഈ സർവ്വീസ് വ്യാപിപ്പിക്കും.