തിരുവനന്തപുരം: ചെടിക്കടയിലെ ജീവനക്കാരിയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഞായറാഴ്ച 11 മണിയോടെ ചെടിക്കടയുടെ ഭാഗത്തേക്ക് പോയ ആൾ 20 മിനിറ്റിനുള്ളിൽ തിരികെ വരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. തിരിച്ചിറങ്ങിയ ഇയാളുടെ കയ്യിൽ മുറിവുണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സാക്ഷി മൊഴി. ഞായറാഴ്ചയാണ് കടയ്ക്കുള്ളിൽ ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് സ്വദേശി വിനീതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അവധിയായിട്ടും ചെടികൾക്ക് വെള്ളമൊഴിക്കാനാണ് വിനീത എത്തിയത്. 11 മണി വരെ സമീപവാസികൾ വിനീതയെ പുറത്തുകണ്ടിരുന്നു.
നഴ്സറിയിൽ ചെടിവാങ്ങാനെത്തിയ ചിലർ ആരെയും കാണാത്തതിനെ തുടർന്ന് ബോർഡിൽ എഴുതിയിരുന്ന നമ്പരിൽ ഉടമസ്ഥനെ വിളിക്കുകയായിരുന്നു. വിനീത കടയിലുണ്ടെന്ന് പറഞ്ഞെങ്കിലും ആരും ഇല്ലെന്ന് ചെടിവാങ്ങാനെത്തിയവർ ഉടമയെ അറിയിച്ചു. ഇതോടെ സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് നഴ്സറിയുടെ ഇടത് വശം ഇടുങ്ങിയ സ്ഥലത്ത് വളം വയ്ക്കുന്ന സ്ഥലത്ത് ടാർപ്പോളിനടിയിൽ മൃതദേഹം കണ്ടത്