തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തിനു നാളെ തുടക്കമാകും. രാവിലെ 10.50 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ തോറ്റംപാട്ട് അവതരണത്തിനും തുടക്കമാകും. 17 ന് രാവിലെ 10.50 നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1.20 ന് നിവേദ്യം. ഉത്സവത്തിനു മുന്നോടിയായുളള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചു. കുംഭ മാസത്തിലെ കാർത്തിക നക്ഷത്രത്തിലാണ് 10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആരംഭിക്കുന്നത്.വെള്ളിയാഴ്ച രാവിലെ 8.30 ന് കുത്തിയോട്ട വ്രതാരംഭം. കോവിഡ് സാഹചര്യത്തിൽ ഇക്കുറി പണ്ടാരയോട്ടം മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ഒൻപതാം ഉത്സവ ദിവസമായ 17 ന് പൊങ്കാല. ഉച്ചയ്ക്ക് 1.20 ന് പൊങ്കാല നിവേദിക്കും. കുത്തിയോട്ട ബാലനെ അന്നു രാത്രി 7.30ന് ചൂരൽകുത്തും.രാത്രി 10.30 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത്. തിരിച്ചെഴുന്നളളത്തിനു ശേഷം അടുത്ത ദിവസം രാവിലെ ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.45 ന് കാപ്പഴിക്കും. 19 ന് പുലർച്ചെ ഒന്നിന് കുരുതി തർപ്പണത്തോടെ ഉത്സവത്തിനു സമാപനമാകും.