തിരുവനന്തപുരം:നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഒന്നര കിലോ കഞ്ചാവുമായി പൊലീസ് പിടിയിലായി. ബീമാപള്ളി പുതുവൽപുരയിടത്തിൽ അൽത്താഫിനെയാണ് (34) സിറ്റി,സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്‌റ്റ് ഓർഗനൈസ്ഡ് ക്രൈംസ് ടീമിന്റെ സഹായത്തോടെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.പൂന്തുറ,ബീമാപള്ളി,പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തിവന്ന ഇയാളെക്കുറിച്ച് നാർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ദിവസങ്ങളായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.ഫോണിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് കഞ്ചാവ് സ്ഥലത്തെത്തിച്ച് കൊടുക്കുന്നതാണ് ഇയാളുടെ രീതി.മുട്ടത്തറ,പെരുനെല്ലി പാലത്തിന് സമീപം വച്ച് കഞ്ചാവ് കൈമാറാൻ എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്.പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന ഒന്നര കിലോയോളം വരുന്ന കഞ്ചാവും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.സ്ഥിരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇയാൾക്കെതിരെ പൂന്തുറ, ഫോർട്ട്, കോവളം എന്നീ സ്‌റ്റേഷനുകളിലായി മോഷണം,വധശ്രമം,അടിപിടി തുടങ്ങി വിവിധ കേസുകൾ നിലവിലുണ്ട്