‘വിഴിഞ്ഞം തുറമുഖ പദ്ധതി 2022 ൽ ഉദ്ഘാടനം ചെയ്യും’

IMG_09022022_192609_(1200_x_628_pixel)

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നും ഈ വർഷം തന്നെ പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്താൻ കഴിയുമെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവർത്തന പുരോഗതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് സബ്സ്റ്റേഷൻ, ഗേറ്റ് കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനം മാർച്ചിൽ നിർവ്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

നിലവിൽ പുലിമുട്ട് നിർമ്മാണം 1550 മീറ്റർ പൂർത്തീകരിച്ചിട്ടുണ്ട്. 3200 മീറ്ററാണ് പൂർത്തിയാക്കാനുള്ളത്. പ്രതിദിനം 10,000 ടൺ മുതൽ 13,000 ടൺ വരെ പാറ കല്ലുകളാണ് കടലിലേക്ക് നിക്ഷേപിച്ചു വരുന്നത്. അത്രയും തന്നെ പാറകല്ലുകൾ സ്റ്റോക്ക് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏഴു ബാർജുകൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 11 ബാർജുകളിലാണ് പാറകല്ലുകൾ നിക്ഷേപിച്ചു വരുന്നത്. പ്രകൃതി അനുകൂലമായാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ കപ്പൽ എത്തിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

തുറമുഖത്തിന്റെ പണിക്കാവശ്യമായ പാറകൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലവിൽ തമിഴ്നാട് സർക്കാരുമായി സംസാരിച്ചു പരിഹരിച്ചിട്ടുണ്ട്.

 

ഹൈവേ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര മന്ത്രിയുമായി പല വിധത്തിൽ ബന്ധപ്പെട്ടിട്ടുണ്ട്.റെയിൽവേയുമായി നിലനിൽക്കുന്ന തർക്കവിഷയങ്ങളിൽ പരിഹാരം കാണുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഓഫീസുമായി ചർച്ചകൾ നടത്തി അവർ ആവശ്യപ്പെട്ട രീതിയിലുള്ള ഡി. പി. ആർ റെയിൽവേ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രദേശത്തെ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്തു തീരുമാനമെടുക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

 

തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വരുന്ന ട്രാക്കുകളുടെ സുഗമമായ നീക്കം ഉറപ്പു വരുത്തുന്നതിനും പദ്ധതിയുടെ മറവിൽ അനധികൃത പാറ കടത്തൽ ശ്രമങ്ങൾ തടയാനുമായി വികസിപ്പിച്ച ആപ്ലിക്കേഷന്റെ ഉദ്ഘാടനവും ഹോളോഗ്രാം പതിപ്പിച്ച ട്രക്കുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും മന്ത്രി നിർവഹിച്ചു.  ട്രക്കുകളിൽ പതിപ്പിച്ചിട്ടുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തു പൊതുജനങ്ങൾക്കും പാറക്കല്ലുകൾ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നും എത്ര ടൺ ആണിതിൽ ഉള്ളതന്നും അറിയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

അവലോകനയോഗത്തിന് മുൻപായി ഇലക്ട്രിക് സബ്സ്റ്റേഷന്റെ പ്രവർത്തന പുരോഗതി മന്ത്രി വിലയിരുത്തുകയും തുറമുഖ പദ്ധതി പ്രദേശം സന്ദർശിക്കുകയും ചെയ്തു. തുറമുഖത്ത് നിന്നും ദേശീയപാതയിലേക്ക് കയറുന്ന ലിങ്ക് റോഡ് കണക്റ്റിവിറ്റി ജംഗ്ഷനും മന്ത്രി സന്ദർശിച്ചു.യോഗത്തിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഒയുമായ രാജേഷ് ഝാ, കോർപ്പറേറ്റ് അഫയേഴ്സ് തലവൻ സുശീൽ നായർ, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് സി.ഇ.ഒ ഡോ.ജയകുമാർ, പ്രൊജക്റ്റ്‌ ഡയറക്ടർ എത്തിരാജൻ എന്നിവരും വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെയും വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിന്റെയും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!