തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച്ച മുതൽ ഒന്നാം വാർഷിക ദിനമായ മെയ് 20 വരെ നീണ്ടു നിൽക്കുന്നതാണ് കർമ്മ പദ്ധതി. മൂന്നു മാസത്തിനുള്ളിൽ 1557 പദ്ധതികൾ പൂർത്തയാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.സുപ്രധാനമായ മൂന്നു മേഖലകളിൽ സമഗ്രപദ്ധതികളാണ് നടപ്പാക്കുക. ഇതിനായി 17183 കോടി രൂപ വകയിരുത്തി. വൻതോതിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്ന പദ്ധതികൾ വിവിധ വകുപ്പുകൾ വഴി നടപ്പാക്കും. തൊഴിലവസരങ്ങൾ അധികവും നിർമാണ മേഖലയിലാകും.കെ-ഫോൺ പദ്ധതിയിലൂടെ 140 മണ്ഡലങ്ങളിലും 100 വീടുകൾക്ക് വീതം സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. 30,000 സർക്കാർ ഓഫിസുകളിലും കെ-ഫോൺ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ലൈഫ് മിഷൻ വഴി ഇരുപതിനായിരം വ്യക്തിഗത വീടുകളുടെയും മൂന്ന് ഭവനസമുച്ചയങ്ങളുടെയും ഉദ്ഘാടനം ഈ ഘട്ടത്തിൽ നിർവ്വഹിക്കും. സംസ്ഥാനത്തൊട്ടാകെ വാതിൽപ്പടി സേവനം ആരംഭിക്കും. അതിദാരിദ്ര്യ സർവ്വേ മൈക്രോപ്ലാൻ പ്രസിദ്ധീകരിക്കും.എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകൾ തുറക്കും. എല്ലാവരുടെയും റേഷൻ കാർഡുകൾ സ്മാർട്ട് കാർഡുകളാക്കി മാറ്റുന്ന പദ്ധതി ഉദ്ഘാടനം ചെയ്യും. ഭൂരഹിതരായ 15,000 പേർക്ക് പട്ടയം വിതരണം ചെയ്യും. ഭൂമിയുടെ അളവുകൾ കൃത്യമായി രേഖപ്പെടുത്തുന്ന ഡിജിറ്റൽ സർവ്വേ തുടങ്ങും.ജനങ്ങൾക്ക് ദുരന്ത നിവാരണ വിദ്യാഭ്യാസം, ദുരന്ത നിവാരണ സാക്ഷരത എന്നിവ നൽകുന്ന പദ്ധതി ആരംഭിക്കും. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ഉദ്ഘാടനം ചെയ്യും. 10,000 ഹെക്ടറിൽ ജൈവ കൃഷി തുടങ്ങും.
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സ്, കേരള പോലീസ് അക്കാദമിയിൽ ആരംഭിക്കുന്ന പോലീസ് റിസർച്ച് സെന്റർ, മലപ്പുറത്ത് സ്ത്രീ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ എന്നിവയുടെ ഉദ്ഘാടനം നടത്തും. പുതിയ 23 പോലീസ് സ്റ്റേഷനുകൾക്ക് തറക്കല്ലിടും. തവനൂർ സെൻട്രൽ ജയിൽ പ്രവർത്തനമാരംഭിക്കും. കുട്ടനാട് പാക്കേജ് ഫേസ് 1 ന്റെ ഭാഗമായി പഴുക്കാനില കായൽ ആഴം കൂട്ടലും വേമ്പനാട് കായലിൽ ബണ്ട് നിർമ്മാണവും തുടങ്ങും.കോട്ടയത്തെ കുറിച്ചി, കോട്ടയം മുനിസിപ്പാലിറ്റി, എറണാകുളത്തെ ആമ്പല്ലൂർ, തിരുവനന്തപുരത്തെ കാട്ടാക്കട, നഗരൂർ, കൊല്ലത്തെ കരീപ്ര എന്നീ കുഴൽകിണർ കുടിവെള്ള വിതരണ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. 8 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പട്ടികജാതി വികസന വകുപ്പിന് കീഴിൽ 2,500 പഠനമുറികൾ ഒരുക്കും.
പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ വഴി പ്രവാസികൾക്കുള്ള റിട്ടേൺ വായ്പ പദ്ധതി നടപ്പാക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തി ശബരിമല ഇടത്താവളങ്ങളുടെ നിർമ്മാണോദ്ഘാടനം നടത്തും. ഉന്നതവിദ്യാഭ്യാസ വകുപ്പ് 150 വിദ്യാർത്ഥികൾക്ക് നവകേരള ഫെല്ലോഷിപ്പ് വിതരണം ആരംഭിക്കും.18 വയസ്സ് പൂർത്തിയായ ഭിന്നശേഷിക്കാർക്ക് ജീവനോപാധി കണ്ടെത്താനും അതുവഴി സ്വയം പര്യാപ്തരാകാനും സഹായിക്കുന്ന എംപവർമെന്റ് ത്രൂ വൊക്കേഷനലൈസേഷൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ഇടുക്കിയിൽ എൻ സി സി യുടെ സഹായത്തോടെ നിർമ്മിച്ച എയർ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും.കോഴിക്കോടും കൊല്ലത്തും മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉദ്പാദിപ്പിക്കുന്ന പദ്ധതികളുടെ നിർമ്മാണമാരംഭിക്കും. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമ്മാണ പദ്ധതിയുടെ ഭാഗമായുള്ള 1,500 റോഡുകളുടെ ഉദ്ഘാടനം നടത്തും.
കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പ്രവാസിഭദ്രത പരിപാടി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും. 75 പാക്സ് കാറ്റാമറൈൻ ബോട്ടുകളുടെ ഉദ്ഘാടനം നിർവ്വഹിക്കും. മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിച്ച ഭവനങ്ങളുടെ താക്കോൽദാനവും പുനർഗേഹം പദ്ധതി വഴി നിർമ്മിച്ച 532 ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനാവും നടത്തും.പരിപാടിയുടെ ഭാഗമായി വൈദ്യുതി വകുപ്പ് 5,87,000, ജലവിഭവവകുപ്പ് 3,91,282, തദ്ദേശസ്വയംഭരണ വകുപ്പ് 7,73,669 എന്നിങ്ങനെ തൊഴിൽദിനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത. ആദ്യ 100 ദിന പരിപാടി 2021 ജൂൺ 11 മുതൽ സെപ്റ്റംബർ പത്ത് വരേയാണ് നടപ്പാക്കിയിരുന്നത്. അധികാരത്തിൽ വന്ന ഉടനെ നൂറു ദിവസത്തിൽ ചെയ്തുതീർക്കുന്ന കാര്യങ്ങൾ പ്രത്യേക പരിപാടിയായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ അതു പൂർത്തീകരിച്ചതിന്റെ റിപ്പോർട്ടും ജനങ്ങൾക്ക് മുന്നിൽവെച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി