വിദ്യാകിരണം മിഷൻ: ജില്ലയിൽ 9 സ്‌കൂളുകൾ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു

തിരുവനന്തപുരം :നവകേരളം കർമപദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ 53 ബഹുനിലസ്‌കൂൾമന്ദിരങ്ങൾ ഉദ്ഘാടനത്തിനായി തയാറെടുക്കുമ്പോൾ, ജില്ലയിൽ മികവിന്റെ കേന്ദ്രങ്ങളുടെ പട്ടികയിൽ ഒൻപത് സ്‌കൂളുകൾ കൂടി ഇടംപിടിക്കുകയാണ്. അരുവിക്കര, വട്ടിയൂർക്കാവ്, ചിറയിൻകീഴ്, കാട്ടാക്കട, വർക്കല, കഴക്കൂട്ടം നിയോജക മണ്ഡലങ്ങളിലെ ഒൻപത് സ്‌കൂളുകളിലായി 10 ബഹുനിലമന്ദിരങ്ങളാണ് വിദ്യാകിരണം മിഷന്റെ ഭാഗമായി പണിതത്. കിഫ്ബി ഫണ്ട്, പ്ലാൻ ഫണ്ട്, ഇതര ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ നിർമാണം. ബഹുനിലമന്ദിരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ ( ഫെബ്രുവരി 10) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ അരുവിക്കര നിയോജക മണ്ഡലത്തിലെ പൂവച്ചൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നിർവഹിക്കും.

 

കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപയും പ്ലാൻ ഫണ്ടിലുൾപ്പെടുത്തി ഒരു കോടി രൂപയും ചെലവഴിച്ച് നിർമിച്ച രണ്ട് മന്ദിരങ്ങളാണ് പൂവച്ചൽ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുന്നത്. ഗവൺമെന്റ് യു.പി.എസ് കുമാരപുരം, ഗവൺമെന്റ് എൽ.പി.എസ് മേനംകുളം, ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ, ഗവൺമെന്റ് എൽ.പി.എസ് ചെമ്പനാകോട്, ഗവൺമെന്റ് യു.പി.എസ് റസൽപുരം, ജി.എം.യു.പി.എസ് ഇടവ, ഗവൺമെന്റ് എൽ.പി.എസ് നാവായിക്കുളം, ഗവൺമെന്റ് യു.പി.എസ് കാട്ടായിക്കോണം എന്നിവിടങ്ങളിൽ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ബഹുനിലമന്ദിരങ്ങൾ നിർമിച്ചിരിക്കുന്നത്.

 

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജി.സ്റ്റീഫൻ എം.എൽ.എ സ്‌കൂൾ മന്ദിരങ്ങളുടെ താക്കോൽ ഏറ്റുവാങ്ങും. മന്ത്രിമാർ, എം.പിമാർ, ത്രിതലപഞ്ചായത്ത് അധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!