തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് തുടക്കമായി. കുംഭത്തിലെ കാർത്തിക നക്ഷത്രമായ ബുധനാഴ്ച രാവിലെ 10.50 നാണ് കാപ്പുകെട്ടി കുടിയിരുത്തുന്ന ചടങ്ങ് നടന്നത്. ഇതോടൊപ്പം പുറത്തെ പച്ചപ്പന്തലിൽ തോറ്റംപാട്ടുകാർ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പാടിത്തുടങ്ങി. ആദ്യദിവസം ദേവിയെ പാടി കുടിയിരുത്തി കഥ തുടങ്ങുന്നതാണ് ചടങ്ങ്. 10 നാൾ നീളുന്ന ഉത്സവത്തിന് ഇതോടെ തുടക്കമായി. പഞ്ചലോഹത്തിൽ നിർമിച്ച രണ്ടു കാപ്പുകളാണ് കെട്ടുന്നത്. ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കാപ്പുകളിലൊന്ന് ഭഗവതിയുടെ ഉടവാളിലും മറ്റൊന്ന് മേൽശാന്തി പി.ഈശ്വരൻനമ്പൂതിരിയുടെ കൈയ്യിലും കെട്ടി. പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷമാണ് തന്ത്രി കാപ്പണിയിച്ചത്. ഉത്സവം കഴിയുന്നതു വരെ മേൽശാന്തി പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തിൽ തുടരും. 17-ന് പൊങ്കാല കഴിഞ്ഞുള്ള പുറത്തെഴുന്നള്ളത്തിനും മേൽശാന്തി അനുഗമിക്കും. പിറ്റേന്ന് എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി കാപ്പഴിക്കുന്നതോടെ ഉത്സവം അവസാനിക്കും.