തിരുവനന്തപുരം: വിഴിഞ്ഞം തിയറ്റർ ജംഗ്ഷനിൽ ഗുണ്ടകൾ സൂപ്പർമാർക്കറ്റ് ഉടമയെയും മകനെയും മർദ്ദിച്ച് പണം കവർന്നു. മർദ്ദനമേറ്റ വിഴിഞ്ഞം സ്വദേശി ഇബൻ മഷൂദ്(58) മകൻ ഷാഹുൽ ഹമീദ് (19) എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തിയേറ്റർ ജംഗ്ഷൻ ജി സ്തി മൺസിലിൽ മുഹമ്മദ് ഷാഫി (27) യെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ആളിനായി അന്വേഷണം ഊർജ്ജിതമാക്കിയതായി കോവളം പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഒന്പത് മണിയോടെയാണ് സംഭവം. ഉടമ കട അടയക്കുന്ന നേരത്ത് സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. പിതാവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് കൗമാരക്കാരനായ മകനും മർദ്ദനമേറ്റത്. തിയറ്റർ ജംഗ്ഷനിലെ എ.എം.കെ. സൂപ്പർ മാർക്കറ്റിലാണ് പിടിച്ച് പറി നടന്നത്. ഉടമയെ ആക്രമിച്ച സംഘം രണ്ടായിരത്തോളം രൂപയും കവർന്നതായാണ് പരാതി.മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കോവളം സ്റ്റേഷൻ പരിധിയിലാണ് ആക്രമണവും പിടിച്ചു പറിയും നടന്നത്. പരാതി ലഭിച്ചയുടൻ കോവളം പൊലീസ് നടത്തിയ ചടുലനീക്കത്തിലാണ് മുഖ്യപ്രതി ഷാഫി
അറസ്റ്റിലായത്.