കോവളം: വിനോദസഞ്ചാരകേന്ദ്രമായ കോവളത്ത് തീരശോഷണം തടയാനായി പുലിമുട്ട് സ്ഥാപിക്കും. വിനോദസഞ്ചാരം ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് തുറമുഖ വകുപ്പിന്റെ എൻജിനിയറിങ് വിഭാഗമാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.കല്ലുകളുപയോഗിച്ച് നിർമിക്കുന്ന രണ്ട് പുലിമുട്ടുകൾക്ക് 42 കോടി രൂപയും ഭൂവസ്ത്രക്കുഴലുകൾ ഉപയോഗിച്ചുള്ള പുലിമുട്ടുകൾക്ക് 22 കോടി രൂപയുമാണ് ചെലവു വരികയെന്ന് തുറമുഖ വകുപ്പ് എൻജിനിയറിങ് വിഭാഗം വിഴിഞ്ഞം എക്‌സിക്യുട്ടീവ് എൻജിനിയർ ജി.എസ്.അനിൽകുമാർ പറഞ്ഞു.
മൂന്നുവർഷത്തിനിടെ തുടർച്ചയായുണ്ടായ കടലേറ്റത്തിൽ കോവളം തീരം കടലെടുത്ത നിലയിലാണ്. സഞ്ചാരികൾക്ക് തീരത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. ഇതേ തുടർന്നാണ് തീരശോഷണം തടയുന്നതിനുള്ള പദ്ധതി തീരുമാനിച്ചത്. കോവളം തീരക്കടലിൽ ലൈറ്റ്ഹൗസ് ബീച്ച്, ഹവ്വാബീച്ച് എന്നിവയ്ക്ക് അഭിമുഖമായി രണ്ട് പുലിമുട്ടുകളാണ് സ്ഥാപിക്കുക. ഇതിനായി തുറമുഖ വകുപ്പ് എൻജിനിയറിങ് വിഭാഗം നടത്തിയ മാതൃകാ പഠനത്തിൽ രണ്ട് നിർദേശങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്.