തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ആക്ഷൻ പ്ളാനുമായി ജില്ലാഭരണകൂടം. മഴ പെയ്താൽ കുളമാകുന്ന റോഡുകളുടെ വിശദമായ സർവേയും മാപ്പിംഗും അടക്കം തയ്യാറാക്കിയാണ് ജില്ലാഭരണകൂടത്തിന്റെ പുതിയ നടപടി. മുൻകാലങ്ങളിൽ മഴയ്ക്ക് മുമ്പ് കനാലുകളും ഓടകളും വൃത്തിയാക്കുന്നതുൾപ്പെടെ വെള്ളക്കെട്ട് തടയാൻ പല നടപടികളും സ്വീകരിച്ചെങ്കിലും അവയെല്ലാം വേണ്ടത്ര ഫലം കാണാതെ വന്നതോടെയാണ് വിശദമായ സർവേ നടത്താൻ തീരുമാനിച്ചത്. റിപ്പോർട്ട് ജില്ലാകളക്ടർ നവ്ജ്യോത് ഖോസ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. റവന്യൂ, പൊതുമരാമത്ത്, ചെറുകിട, വൻകിട ജലസേചന വകുപ്പുകൾ, കേരള റോഡ് ഫണ്ട് ബോർഡ്, നഗരസഭ എന്നിവ സംയുക്തമായാണ് സർവേയും മാപ്പിംഗും നടത്തിയത്.