തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ‍്യൂട്ടിഫ്രീ ഷോപ്പ് തുറക്കുന്നത് അനിശ്ചിതത്വത്തിൽ.കസ്റ്റംസിൽ നിന്ന് ലൈസൻസ് കിട്ടുന്നതിനുള്ള കാലതാമസമാണ് ഡ്യൂട്ടി ഫ്രീഷോപ്പ് തുറക്കുന്നത് നീളാൻ കാരണം. തിരുവനന്തപുരം വിമാനത്താവളം എയർപോർട്ട് അതോറിട്ടിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന സമയത്ത് ഡ്യൂട്ടി ഫ്രീഷോപ്പിന്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്ന പ്ലസ് മാക്സ് കമ്പനി നൽകിയിരിക്കുന്ന കേസാണ് ഇപ്പോൾ തിരിച്ചടിയാകുന്നത്. വിമാനത്താവള നടത്തിപ്പ് ചുമതലയുണ്ടായിരുന്ന കാലത്ത് പ്ലസ് മാക്സ് മദ്യത്തിൽ നടത്തിയ വെട്ടിപ്പും അദാനി ഗ്രൂപ്പിന് ലൈസൻസ് നൽകുന്നതിന് വിലങ്ങുതടിയായിരിക്കുകയാണ്.ലൈസൻസിനുള്ള അപേക്ഷ കൊച്ചിയിൽ കസ്റ്റംസ് കമ്മിഷണറുടെ പരിഗണനയിലാണ്.പഴയ കമ്പനി മദ്യം കടത്തിയ കേസ് നിലനിൽക്കുന്നതിനാൽ ലൈസൻസിൽ തീരുമാനമെടുക്കാൻ കസ്റ്റംസിന് പരിമിതിയുണ്ടെന്നാണ് സൂചന. ലൈസൻസ് ലഭിച്ചാൽ എത്രയും വേഗം ഡ്യൂട്ടി ഫ്രീ ഷോപ്പ് തുടങ്ങാനുള്ള നീക്കങ്ങൾ അദാനി ഗ്രൂപ്പിൽ സജീവമാണ്