തിരുവനന്തപുരം: ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ കാലടി മരുതൂർക്കടവ് സ്വദേശി ജയകുമാറി(53)നെ ഇരുപത് വർഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ.ജയകൃഷ്ണൻ വിധിയിൽ പറയുന്നുണ്ട്.2019 ജൂൺ 27 വൈകിട്ട് ആറോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ പ്രതിയുടെ വീടിൻ്റെ മുകളിലത്തെ നിലയിലാണ് കുട്ടി വാടകയ്ക്ക് താമസിക്കുന്നത്. ട്യൂഷൻ കഴിഞ്ഞിട്ട് മൂന്നാം ക്ലാസ്സ്കാരനായ
കുട്ടി തിരിച്ച് വരവെ പ്രതി കുട്ടിയെ തൻ്റെ വീട്ടിനുള്ളിലേക്ക് വിളിച്ചു. തുടർന്ന് കുട്ടിയെ മുറിയിലേക്ക് കൊണ്ട് പോയി ലൈംഗീമായി പീഡിപ്പിച്ചു.കുട്ടി തന്നെ വിടാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി വഴങ്ങിയില്ല. പീഡനത്തിൽ ഭയന്ന കുട്ടി പ്രതിയെ തള്ളി മാറ്റിയതിന് ശേഷം ഓടി വീട്ടിലേക്ക് പോയി. ഈ സമയം പ്രതി കുട്ടിയെ ബലമായി തടഞ്ഞ് വെച്ചതിന് ശേഷം ഇത് ആരടത്തും പറയരുതെന്ന് പറഞ്ഞു. പ്രതിയുടെ വീട്ടിലാണ് കുട്ടിയും വീട്ടുകാരും വാടകയ്ക്ക് താമസിച്ചിരുന്നത്.അച്ഛൻ ഈ സമയം വിദേശത്തായിരുന്നു ജോലി. പ്രതിയെ ഭയന്ന് കുട്ടി അമ്മയോട് വിവരം പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീട്ടുകാർ വെളിയിൽ പോകാൻ തുടങ്ങവെ കുട്ടിയെ പ്രതിയുടെ വീട്ടിൽ നിൽക്കാൻ പറഞ്ഞപ്പോൾ കുട്ടി കരഞ്ഞു.ഇതിനെ സംബന്ധിച്ച് ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. എന്നാൽ പ്രതി വീട്ടുടമയായത്തിൽ പരാതി കൊടുക്കാൻ വീട്ടുകാർ ഭയന്നു. ഉടനെ വേറെ വീട്ടിലേക്ക് മാറിയതിന് ശേഷമാണ് ഫോർട്ട് പൊലീസിൽ പരാതി നൽകിയത്.പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചതായും പരാതിയുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. നഷ്ടപരിഹാരം കുട്ടിക്ക് നൽക്കണമെന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. ഫോർട്ട് എസ് ഐയായിരുന്ന എം.കെ.പ്രമോജാണ് കേസ് അന്വേഷിച്ചത്.പത്ത് സാക്ഷികളേയും പന്ത്രണ്ട് രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.