തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയ 15 റോഡുകളുടെ പണി മാർച്ചിൽ പൂർത്തിയാക്കും. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. ബാക്കി റോഡുകൾ ഏപ്രിലോടെ പൂർത്തിയാക്കാനാവുമെന്നും സ്മാർട്ട് സിറ്റി അധികൃതർ അറിയിച്ചു.രാജ്യത്തെ 100 സ്മാർട്ട് സിറ്റി പദ്ധതികളുടെ പുരോഗതി വിലയിരുത്തുമ്പോൾ തലസ്ഥാനം 51-ാം സ്ഥാനത്താണ്. ഒബ്‌സർവേറ്ററി കുന്നിലെ കുട്ടികളുടെ പാർക്ക് അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും. 25 വാട്ടർ കിയോസ്‌കുകളിൽ നിർമാണം പൂർത്തിയാക്കാനുണ്ടായിരുന്ന 13 എണ്ണം പൂർത്തിയായി. മാനവീയം വീഥിയുടെ പുനരുദ്ധാരണവും മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും. ആർ.കെ.വി. റോഡിലെ വെൻഡിങ് സോണിന് 34 കടമുറികൾ പൂർത്തിയായി. ഒരു മാസത്തിനുള്ളിൽ കൈമാറാനാകും.