സാമ്പത്തിക പ്രതിസന്ധി; കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ച് മന്ത്രി

കഴക്കൂട്ടം: കഴക്കൂട്ടം സൈനിക് സ്കൂളിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിനു കേന്ദ്രവുമായുള്ള ധാരണാപത്രം സംസ്ഥാന സർക്കാർ ഉടനെ ഒപ്പുവയ്ക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സൈനിക് സ്കൂളിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാരിനു ചെയ്യാവുന്നതൊക്കെ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ രണ്ടാമതൊരു സൈനിക് സ്കൂൾ ആവശ്യപ്പെടാനുള്ള സാധ്യതയും നോക്കും. വെള്ളിയാഴ്ച സ്കൂളിലെത്തി പ്രശ്നങ്ങളെപ്പറ്റി സ്കൂൾ അധികൃതരുമായി ചർച്ച ചെയ്തതിനുശേഷമാണ് മന്ത്രി ഇതു പറഞ്ഞത്.മുൻ ജീവനക്കാർക്കു പെൻഷനും വിദ്യാർഥികൾക്കു സ്കോളർഷിപ്പും വിതരണം ചെയ്യാൻ വർഷം ആറുകോടിയോളം രൂപ വേണം. ഇതിനു ധാരണയുണ്ടാക്കാനുള്ള ശ്രമം ഒന്നാം പിണറായിസർക്കാരിന്റെ കാലത്തു തുടങ്ങിയിരുന്നു. 35 കൊല്ലം മുമ്പ് സ്കൂളിലെ വാർഷിക ഫീസ് 7500 രൂപയായിരുന്നപ്പോൾ, അത്രയും തുകതന്നെ സ്കോളർഷിപ്പായി കുട്ടികൾക്കു കിട്ടിയിരുന്നു. ഇപ്പോൾ വാർഷിക ഫീസ് എൺപതിനായിരത്തോളം ആയപ്പോൾ സ്കോളർഷിപ്പ് തുക 21000 മാത്രമാണ്. ഈ തുക കിട്ടണമെങ്കിൽ കുടുംബത്തിന്റെ വാർഷിക വരുമാനം 1,80,000 കവിയരുതെന്നാണ് വ്യവസ്ഥ. ഇത് മൂന്നുലക്ഷമാക്കണമെന്ന് ഒപ്പിടാനിരിക്കുന്ന ധാരണാപത്രത്തിലുണ്ട്. ആറുലക്ഷമെങ്കിലുമാക്കിയാലേ സാധാരണക്കാരുടെ കുട്ടികൾക്ക് ഇവിടെ സ്കോളർഷിപ്പോടെ പഠിക്കാനാകൂവെന്ന് മന്ത്രി പറഞ്ഞു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., നഗരസഭാംഗം എം.ബിനു, സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്രകുമാർ, വൈസ് പ്രിൻസിപ്പൽ വിങ് കമാൻഡർ അൽക്ക ചൗധരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലഫ്. കേണൽ ഷെല്ലി കെ.ദാസ്, പി.ടി.എ. പ്രസിഡന്റ് സോണിയ രതീഷ് എന്നിവരും ചർച്ചയിൽ പങ്കടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!