തിരുവനന്തപുരം: ഇന്നലെ മഴ പെയ്തതോടെ മണക്കാട്-തിരുവല്ലം റോഡിൽ കല്ലാട്ടുമുക്ക് ഭാഗം വീണ്ടും വെള്ളത്തിലായി.ഒക്‌ടോബറിൽ മഴയിൽ തകർന്ന റോഡ് ജനുവരിയിലാണ് നവീകരിച്ച ശേഷം തുറന്നത്. എന്നാൽ ഓട നന്നാക്കാതെയായിരുന്നു നവീകരണം. 25 ലക്ഷം രൂപയ്ക്കാണ് റോഡ് നവീകരിച്ചത്. റോഡ് നിരപ്പാക്കി പഴയ ടാറിടൽ പൊളിച്ച് കട്ടവിരിക്കലാണ് നടത്തിയത്.
ഓടയിൽ മാലിന്യം കെട്ടിനിൽക്കുകയാണെന്നും ഇത് നീക്കാതെ നവീകരണം നടത്തരുതെന്നും നാട്ടുകാർ അന്നേ ആവശ്യപ്പെട്ടിരുന്നു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സമരങ്ങളാണ് ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ഇവിടെ അരങ്ങേറിയത്. ഇരുപതുദിവസത്തോളം റോഡ് അടച്ചിട്ടായിരുന്നു നവീകരണം. എന്നാൽ ശനിയാഴ്ച പെയ്ത മഴയിൽ വെള്ളം നിറഞ്ഞു.