പോത്തൻകോട്: കഴിഞ്ഞ ഫെബ്രുവരി 8 ന് പോത്തൻകോട് പള്ളി നട സ്വദേശി നസ്സീമിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയ കേസ്സിലെ മുഴുവൻ പ്രതികളും പോലീസ് പിടിയിലായി. പോത്തൻകോട് പ്ലാമൂട് സ്വദേശിയും റിട്ട. ഗവ. ഉദ്യോഗസ്ഥനുമായ അബ്ദുൾ ഷുക്കൂർ (63) ൽ നിന്നും അടുത്ത ബന്ധുവായ നസ്സീം വാങ്ങിയ മുപ്പതിനായിരം രൂപ പറഞ്ഞ തീയതിക്ക് തിരികെ നൽകാത്തതിലുള്ള വിരോധം കൊണ്ടാണ് ഷുക്കൂർ ക്വട്ടേഷൻ സംഘത്തിനെ ഏർപ്പെടുത്തിയത്. വട്ടപ്പാറ കുറ്റിയാണിയിലെത്തിച്ച് മർദിച്ച് അവശനാക്കിയ ശേഷം നസ്സീമിനെ വഴിയിലുപേക്ഷിച്ച സംഘാംഗങ്ങൾക്കു വേണ്ടി പോലീസ് നടത്തിയ തെരച്ചിലിൽ പോത്തൻകോട് പ്ലാമൂട് സ്വദേശി മലക്കറി സന്തോഷ് എന്ന സന്തോഷ് (35), പന്തലക്കോട് സ്വദേശികളായ വിഷ്ണു കുമാർ (36), ശരത് (33) എന്നിവർ നേരത്തേ പോലീസ് പോലീസ് പിടിയിലായിരുന്നു.
സംഭവത്തിനു ശേഷം ഒളിവിലായിരുന്ന അബ്ദുൾ ഷുക്കൂർ, ആറ്റിങ്ങൽ ചെമ്പൂര് സ്വദേശി മനോജ് (41) എന്നിവരെ തിരുവനന്തപുരം റൂറൽ പോലീസ് മേധാവി ഡോ.ദിവ്യഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷുക്കൂറിനെ പെരുമാതുറയിൽ നിന്നും മനോജിനെ ചെമ്പൂരുനിന്നും കസ്റ്റഡിയിലെടുത്തത്തോടുകൂടിയാണ് അവസാനത്തെ പ്രതികളും പിടിയിലായത്. നെടുമങ്ങാട് ഡിവൈഎസ്പി സുൽഫിക്കർ, പോത്തൻകോട് ഇൻസ്പെക്ടർ കെ.ശ്യാം, സബ്ബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ, സിപിഒമാരായ ജിഹാൻ, രതീഷ്, ദിനീഷ് റൂറൽ ഷാഡോ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.