വിതുര: പൊന്മുടി റോഡിൽ വീണ്ടും ഒറ്റയാൻ ഇറങ്ങുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 3ഓടെ പൊന്മുടി മൂന്നാം വളവിന് സമീപമാണ് ഒറ്റയാൻ ഇറങ്ങി ഭീതി പരത്തിയത്. വിതുര ഡിപ്പോയിൽ നിന്ന് പൊന്മുടിയിലേക്ക് പുറപ്പെട്ട ബസ്, റോഡിൽ ആന നിലയുറപ്പിച്ചതോടെ അരമണിക്കൂറോളം നിറുത്തിയിട്ടു. മിനിട്ടുകളോളം ഹോൺ മുഴക്കിയശേഷമാണ് ഒറ്റയാൻ റോഡിൽ നിന്ന് മാറിയത്. ആന റോഡിൽ നിലയുറപ്പിച്ചതോടെ ബസിലെ യാത്രക്കാരും ഭയപ്പെട്ടു. രണ്ടു ദിവസം മുൻപും രാവിലെ പൊന്മുടി റോഡിൽ ഒറ്റയാൻ നിലയുറപ്പിച്ചിരുന്നു. അന്നും നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് പൊന്മുടിയിലേക്ക് പുറപ്പെട്ട ബസ് ഇരുപത് മിനിറ്റ് നിറുത്തിയിട്ടിരുന്നു. രണ്ടാഴ്ചയായി പൊന്മുടി റോഡിൽ ഒറ്റയാൻ ഭീതി പരത്തി വിഹരിക്കുകയാണ്. പൊന്മുടിയിലേക്കുള്ള വൈദ്യുതി ലൈനിൽ ഒറ്റയാൻ മരങ്ങൾ തള്ളിയിട്ടതിനെ തുടർന്ന് പോസ്റ്റുകൾ ഒടിഞ്ഞു വീഴുകയും പൊന്മുടിയിൽ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തിരുന്നു. ഒറ്റയാൻ പൊന്മുടിക്ക് പുറമേ കല്ലാർ മേഖലയിലും നാശവും ഭീതിയും പരത്തുന്നതായി ആദിവാസികൾ പരാതിപ്പെട്ടു