തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയ്ക്കൊപ്പം കളക്ടർ നവ്ജ്യോത് ഖോസ ക്ഷേത്ര പരിസരം സന്ദർശിച്ചു. ഡെപ്യൂട്ടി കമ്മീഷ്ണർ ഓഫ് പോലീസ് അങ്കിത് അശോകൻ, സബ്കളക്ടർ മാധവികുട്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിലും പരിസരത്തും ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ഇവിടെ ഏർപ്പെടുത്തിയിട്ടുള്ള ക്യൂ, ബാരിക്കേഡ് സംവിധാനങ്ങളും കൺട്രോൾ റൂമുകളുടെ പ്രവർത്തനവും വിലയിരുത്തി.
കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ അറിയിച്ചു. ക്ഷേത്ര പരിസരത്ത് തിരക്ക് ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിൽ മാത്രം പൊങ്കാലയിടുക. പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല അനുവദിക്കില്ല.പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചിട്ടുള്ളവർ മാത്രം ക്ഷേത്രത്തിൽ പ്രവേശിക്കുക. രോഗലക്ഷണമുള്ളവർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കരുത്.
കോമ്പൗണ്ടിനുള്ളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേർക്ക് മാത്രമാണ് ക്ഷേത്രദർശനത്തിന് അനുമതി. ക്ഷേത്രാതിർത്തിയോട് ചേർന്നുള്ള ഗ്രൗണ്ട്, കെട്ടിടങ്ങൾ എന്നിവിടങ്ങളിലും ഇത് ബാധകമായിരിക്കും. ക്ഷേത്രദർശനത്തിനെത്തുന്നവർ മുഴുവൻ സമയവും കോവിഡ് പ്രോട്ടോക്കോൾ (മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം) പാലിക്കണം.