തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഇന്ന്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്ര പരിസരത്ത് ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് ഉണ്ടാവുക. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഭക്തർ വീടുകളിൽ പൊങ്കാല ഇടും. രാവിലെ 10.50ന് ആണ് പണ്ടാര അടുപ്പിൽ തീ പകരുന്നത്. വിഗ്രഹത്തിന് മുന്നിൽ നിന്നും പകരുന്ന അഗ്നി ഇത് ചെറിയ തിടപ്പള്ളിയിലും വലിയ തിടപ്പള്ളിയിലുമുളള അടുപ്പുകളിൽ പകർന്ന ശേഷം പണ്ടാര അടുപ്പിൽ എത്തിക്കുന്നതോടെ പൊങ്കാലക്ക് തുടക്കമാകും. ക്ഷേത്ര മേൽശാന്തിയാണ് പണ്ടാര അടുപ്പിൽ തീ പകരുക. ഈ സമയത്ത് തന്നെ വീടുകളിൽ പൊങ്കാല ഇടുന്ന ഭക്തരും അടുപ്പുകളിൽ തീ കത്തിക്കും. ഇതോടെ പൊങ്കാലക്ക് തുടക്കമാകും. ഉച്ചക്ക് ഒന്ന് ഇരുപതിന് ആണ് പൊങ്കാല നിവേദ്യം . തുടർച്ചയായി ഇത് രണ്ടാം വർഷമാണ് പൊങ്കാല വീടുകളിൽ മാത്രമായി ഒതുങ്ങുന്നത്.