തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിവസമായ വ്യാഴാഴ്ച ഭക്തജനങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് പോലീസ്. ഉത്സവത്തോടനുബന്ധിച്ചുള്ള വിളക്കുകെട്ട് ഘോഷയാത്രകളും ജങ്‌ഷനുകൾ കേന്ദ്രീകരിച്ച് മൈക്ക് സെറ്റുകൾ പ്രവർത്തിപ്പിക്കുന്നതും തെരുവുകളിൽ ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യുന്നതും അനുവദിക്കില്ല.ക്ഷേത്ര പരിസരത്ത് യാതൊരുവിധ വാഹന പാർക്കിങ്ങും അനുവദിക്കില്ല. ബണ്ട് റോഡ് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ഈ റോഡിൽ ആംബുലൻസ്, അഗ്നിരക്ഷാസേന തുടങ്ങിയ അവശ്യ സർവീസുകൾക്ക് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.നെയ്യാറ്റിൻകര-കാട്ടാക്കട ഭാഗത്തുനിന്ന് ആറ്റുകാൽ ഭാഗത്തേക്കുവരുന്ന വാഹനങ്ങൾ കരമന പാലത്തിനു മുമ്പായും കാട്ടാക്കട ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പൂജപ്പുര-ജഗതി ഭാഗത്തും ആറ്റിങ്ങൽ-കോവളം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ബൈപ്പാസിലും നാലാഞ്ചിറ-കേശവദാസപുരം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ തൈക്കാട് ഭാഗങ്ങളിലും നിർദേശാനുസരണം പാർക്ക് ചെയ്യണം.
തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിൽ ടിപ്പർലോറികൾ, കണ്ടെയ്നർ ലോറികൾ തുടങ്ങിയ ഹെവി വാഹനങ്ങൾ പ്രവേശിക്കരുത്. ഇവ നിരത്തുകളിലും സമീപത്തും പാർക്ക് ചെയ്യുന്നത് അനുവദിക്കുന്നതല്ല. ചിറപ്പാലം, ചിറമുക്ക്, മേടമുക്ക്, ഗ്രന്ഥശാല റോഡ്, ബണ്ട് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഒന്നുംതന്നെ വാഹന പാർക്കിങ് അനുവദിക്കില്ല.ഗതാഗത തടസ്സമോ സുരക്ഷാപ്രശ്നങ്ങളോ ഉണ്ടാക്കി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഒരു മുന്നറിയിപ്പും കൂടാതെ നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കും.നഗരത്തിലെ ഫുട്പാത്തുകളിലും പ്രധാന ജങ്‌ഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും റോഡുപണി നടക്കുന്ന സ്ഥലങ്ങളിലും ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കണം: 9497930055, 9797987002, 9497990005.