തിരുവനന്തപുരം: ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തർ വീട്ടുമുറ്റങ്ങളിൽ പൊങ്കാലയർപ്പിച്ചു തുടങ്ങി.മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ തെളിച്ചശേഷം അതേദീപം സഹമേൽശാന്തിക്കു കൈമാറി. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലും പതിനൊന്നുമണിയോടെ തീ പകർന്നതോടെ പൊങ്കാലയുടെ വിളംബരമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങി.ഇതോടെ ആയിരക്കണക്കിനു വീട്ടുമുറ്റങ്ങളിലെ പൊങ്കാല അടുപ്പുകളിലും തീ തെളിഞ്ഞു. വീട്ടുമുറ്റങ്ങളിൽ ഭക്തിമന്ത്രങ്ങളോടെ ആയിരക്കണക്കിന് വിശ്വാസികളാണ് ആറ്റുകാലമ്മയ്ക്കു നൈവേദ്യമർപ്പിക്കുന്നത്. ഉച്ചയ്ക്ക് 1.20 നാണ് നൈവേദ്യം.