തിരുവനന്തപുരം :കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ എല്ലാ ലൈബ്രറികളെയും ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിച്ചുകൊണ്ട് എവിടെയിരുന്നും വിദ്യാര്‍ത്ഥികള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാവുന്ന സംവിധാനത്തിന് രൂപം കൊടുക്കാനുള്ള പ്രാഥമിക നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു .വട്ടിയൂർകാവ് സെൻട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍ നിര്‍മിച്ച ലബോറട്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.കൂടാതെ അന്തര്‍ ദേശീയ നിലവാരമുള്ള ജേണലുകളുടെ കണ്‍സോര്‍ഷ്യം സ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാവുന്ന രീതിയിലാണ് കണ്‍സോര്‍ഷ്യത്തിന്റെ രൂപീകരണമെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മുന്തിയ പരിഗണന നൽകി ഈ രംഗത്തെ ഗുണമേന്മാ വര്‍ധനവിനായി സര്‍ക്കാര്‍ വലിയ ഇടപെടലുകള്‍ നടത്തി വരികയാണ്. ഈ മേഖലയില്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാന്‍ മൂന്ന് കമ്മീഷനുകളെ നിയമിച്ചിട്ടുണ്ട്. അവരുടെ ഇടക്കാല റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള റിപ്പോര്‍ട്ടും സമര്‍പ്പിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. ഉദ്പ്പാദന മേഖലയ്ക്ക് പ്രധാന പരിഗണന നല്‍കുന്ന കാലത്ത് ഈ മേഖലയില്‍ സഹായകരമായ ഉപകരണങ്ങളുടെ നിര്‍മാണത്തിനടക്കം യുവാക്കളെ പ്രേരിപ്പിക്കുന്ന തരത്തില്‍ നൂതന അറിവുകളിലേക്കും കണ്ടുപിടുത്തങ്ങളിലേക്കും നയിക്കാന്‍ കൂടി കലാലയ സമൂഹം തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ ലഭ്യമാക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാവുന്ന വിധത്തില്‍ വൈദഗ്ധ്യ പോഷണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ജോലിയും വൈദഗ്ധ്യവും തമ്മിലുള്ള സംയോജനം സാധ്യമാക്കുന്നതിന് സംസ്ഥാനത്തുടനീളം നിരവധി ജോബ് ഫെയറുകള്‍ നടത്തി വരുന്നതായും മന്ത്രി പറഞ്ഞു. വി.കെ പ്രശാന്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.റീന കെ.എസ്, കൗണ്‍സിലര്‍മാരായ നന്ദഭാര്‍ഗ്ഗവ്, ഐ.എം.പാര്‍വതി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയ്ന്റ് ഡയറക്ടര്‍ ബീന.പി, ജോയ്ന്റ് ഡയറക്ടര്‍ കെ.എന്‍ ശശികുമാര്‍, പി.ടി.എ വൈസ് പ്രസിഡന്റ് പ്രേം കുമാര്‍.എം, പ്രിന്‍സിപ്പാള്‍ സിനിമോള്‍.കെ.ജി തുടങ്ങിയവരും പങ്കെടുത്തു.