നേട്ടത്തിന്റെ നിറവിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ; തുടർച്ചയായ നാലാം തവണയും സ്വരാജ് ട്രോഫി

IMG_17022022_215655_(1200_x_628_pixel)

തിരുവനന്തപുരം : തുടർച്ചയായ നാലാം തവണയും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി സ്വന്തമാക്കി അഭിമാനാർഹമായ നേട്ടത്തിന്റെ നിറവിലാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്.പദ്ധതി തുകയുടെ മികച്ച വിനിയോഗം, പദ്ധതികളുടെ ആസൂത്രണ മികവ്, ജനോപകാരപ്രദമായ മികച്ച പദ്ധതികള്‍ നടപ്പിലാക്കല്‍, ഭരണപരമായ കാര്യങ്ങളില്‍ പുലര്‍ത്തിയ കൃത്യത ഇവയൊക്കെയാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ തുടര്‍ച്ചയായ നാലാം വര്‍ഷവും പുരസ്കാരത്തിനര്‍ഹമാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ പറഞ്ഞു.2020-21 സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്തിന്‍റെ പദ്ധതി വിഹിതത്തിന്‍റെ പൊതുവിഭാഗത്തില്‍ 99 ശതമാനവും പ്രത്യേക ഉപപദ്ധതി വിഭാഗത്തില്‍ 98 ശതമാനവും പട്ടികവര്‍ഗ ഉപപദ്ധതി വിഭാഗത്തില്‍ 92 ശതമാനവും വിനിയോഗിക്കാന്‍ സാധിച്ചു. വിവിധ ഘടക പദ്ധതികളില്‍ വനിതകള്‍, വയോജനക്ഷേമം, പാലിയേറ്റീവ് പരിചരണം, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്കായി മികവുറ്റ പദ്ധതികള്‍ നടപ്പിലാക്കാനായി. പാര്‍പ്പിടമേഖലക്കും ജലസംരക്ഷണത്തിനും ഊന്നല്‍ നല്‍കിയ പദ്ധതികള്‍ എല്ലാം തന്നെ ജില്ലാ പഞ്ചായത്തിനെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിന് സഹായിച്ചുവെന്നും പ്രസിഡന്റ്‌ കൂട്ടി ചേർത്തു.

 

കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന 2020-21 വര്‍ഷം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കാന്‍ സാധിച്ചു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ആശുപത്രികളില്‍ പ്രത്യേക കോവിഡ് വാര്‍ഡുകള്‍ സജ്ജീകരിക്കുകയും ആവശ്യമായ ഉപകരണങ്ങള്‍, കോവിഡ് പ്രതിരോധ സാമഗ്രികകള്‍ എന്നിവ യഥാസമയം ലഭ്യമാക്കി. രോഗികള്‍ക്ക് ഭക്ഷണവും നൽകിവരുന്നു. വൃക്കരോഗികള്‍ക്കായി ‘ആശ്വാസ്’ എന്ന സൗജന്യ ഡയാലിസിസ് പദ്ധതി നടപ്പിലാക്കി. വൃക്ക, കരള്‍ മാറ്റിവയ്ക്കപ്പെട്ട രോഗികള്‍ക്ക് സൗജന്യ മരുന്നും നല്‍കി. ഇതിനായി ഒരു കോടി രൂപയോളം വകയിരുത്തി.പരമ്പരാഗത കെെത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന പട്ടികജാതി, ജനറല്‍ വനിതകള്‍ക്കുള്ള ധനസഹായ പദ്ധതിയ്ക്കായി മൂന്ന് കോടിയിലധികം രൂപ ചെലവഴിച്ചു. കൂടാതെ വനിതകള്‍ക്കുള്ള തൊഴില്‍ സംരംഭങ്ങള്‍ക്കായി 42 ലക്ഷം രൂപയും വിനിയോഗിച്ചു.

 

അഗതികള്‍ക്ക് ഒരുനേരത്തെ ആഹാരം നല്‍കുന്ന ‘പാഥേയം’ പദ്ധതി, ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി, കുട്ടികളിലെ വളര്‍ച്ചാ വെെകല്യങ്ങള്‍ക്കുള്ള സംയോജിത പദ്ധതി, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്ന സ്നേഹസ്പര്‍ശം തുടങ്ങിയവ ജില്ലാ പഞ്ചായത്തിന്‍റെ വളരെ കാര്യക്ഷമമായി നടപ്പിലാക്കിവരുന്ന പദ്ധതികളാണ്.സ്വന്തമായി ഭൂമിയുള്ള ട്രാന്‍സ്ജെന്‍റേഴ്സിന് ഭവനനിര്‍മാണത്തിനായി എട്ട് ലക്ഷം രൂപയും സ്ഥലം വാങ്ങി നല്‍കുന്നതിനു രണ്ട് ലക്ഷം രൂപയും ചെലവഴിച്ചു.

 

ജില്ലാ പഞ്ചായത്തിന്‍റെ കീഴിലെ വിവിധ ഫാമുകളിലെ ഉത്പാദന വര്‍ദ്ധനവിന് ഉതകും വിധം വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ തനത് വരുമാനവും വര്‍ദ്ധിക്കാനിടയായി. ശുദ്ധമായ പാല്‍ ജനങ്ങളിലെത്തിക്കുന്ന ഗ്രീന്‍മില്‍ക്ക്, ഗുണമേന്മയുള്ള മുട്ടക്കോഴികള്‍, ജനങ്ങള്‍ക്ക് നല്‍കുന്ന ഹാച്ചറി യൂണിറ്റ് എന്നിവ ഉദാഹരണങ്ങളാണ്. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടം

ചിറയിന്‍കീഴിലെയും ഉള്ളൂരിലെയും സീഡ് ഫാമുകള്‍, കഴക്കൂട്ടത്തെയും വലിയതുറയിലെയും കോക്കനട്ട് നഴ്സറികള്‍, പാറശ്ശാലയിലെ പിഗ് ബ്രീഡിംഗ് ഫാം, വിതുര ജഴ്സി ഫാം, ജഴ്സിഫാമിന്‍റെ ചെറ്റച്ചല്‍ എക്സ്റ്റന്‍ഷന്‍ യൂണിറ്റ് എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

 

പട്ടികജാതി പട്ടികവര്‍ഗ മേഖലകളില്‍ പഠനമുറി, മെരിറ്റോറിയസ് സ്കോളര്‍ഷിപ്പ് പദ്ധതികളും നടപ്പിലാക്കുന്നു.

 

ജില്ലയിലെ കായികവികസനം ലക്ഷ്യമാക്കി പെരിങ്ങമ്മലയില്‍ ഏറ്റവും മുന്തിയ സൗകര്യങ്ങളോടുകൂടിയ 2.5 കോടിയോളം രൂപ ചെലവിട്ട് ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയത് 2020- 21 വര്‍ഷമാണ്. കൂടാതെ പാലോട് ഗ്യാസ് ശ്മശാനവും ആരംഭിച്ചു.

 

വിദ്യാഭ്യാസ മേഖലയില്‍ സ്കൂള്‍ ലെെബ്രേറിയന്മാരെ നിയോഗിച്ച് ഗ്രന്ഥപ്പുര പദ്ധതിക്ക് 44 ലക്ഷം രൂപയോളം ചെലവിട്ടു. സ്കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചതിന് 23 ലക്ഷം രൂപയും. ആണ്‍കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കുന്ന ദിശ പദ്ധതിയും പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്ക് പ്രാപ്തരാക്കുന്ന രക്ഷ പദ്ധതിയും നടപ്പിലാക്കി.

 

‘കേദാരം’ സമഗ്ര നെല്‍കൃഷി വികസനത്തിന് 3 കോടിയിലേറെ രൂപയും സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെടുത്തി നടപ്പിലാക്കിയ ‘സഫല’ തരിശ് ഭൂമിയിലെ കൃഷി പദ്ധതിക്ക് 40 ലക്ഷം രൂപയും ചെലവഴിച്ചു. സുഭിക്ഷകേരളം പദ്ധതിയുമായി ബന്ധപ്പെടുത്തി ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് വിവിധ പദ്ധതികളിലായി രണ്ട് കോടിയോളം രൂപ ചെലവഴിച്ചു. ക്ഷീരസമൃദ്ധി പദ്ധതിയിനത്തില്‍ രണ്ട് കോടിയോളം രൂപയും സംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ടിനത്തില്‍ ഒരു കോടി 28 ലക്ഷം രൂപയും ചെലവിട്ടു.

 

എച്ച്.ഐ.വി ബാധിതരായ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം നല്‍കുന്നതിനായി 22 ലക്ഷത്തോളം രൂപ ചെലവിട്ടു.

 

പാര്‍പ്പിട മേഖലയില്‍ ലെെഫ് മിഷനായി ജനറല്‍, SCP, TSP വിഭാഗത്തിലായി 7 കോടിയോളം ചെലവഴിക്കുകയുണ്ടായി. പട്ടികജാതി വിഭാഗത്തിനുള്ള ഭവനസമുച്ഛയത്തിനായി 70 ലക്ഷം രൂപ ചെലവഴിച്ചു. ലക്ഷം വീട് കോളനികളുടെ നവീകരണത്തിനും ഇരട്ടവീട് ഒറ്റവീടാക്കല്‍ പദ്ധതികള്‍ക്കുമായി നാല് കോടിയിലേറെ രൂപ പൊതുവിഭാഗത്തിലും പ്രത്യേക ഘടക പദ്ധതിയിലും ചെലവഴിച്ചു.

 

നാഷണൽ അവാര്‍ഡായി ലഭിച്ച തുക വിനിയോഗിച്ച് 2 ജില്ലാ ആശുപത്രികള്‍ക്ക് രണ്ട് ആംബുലന്‍സ് വാങ്ങി നല്‍കി.

 

ഇപ്രകാരം മാതൃകാപരമായ മികച്ച പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്നത്. രണ്ട് തവണ ദേശീയ പുരസ്കാരവും ജില്ലാ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.

 

2020-21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി പദ്ധതി ആസൂത്രണ നിർവഹണത്തിന്റെയും ഭരണ മികവിന്റെയും അടിസ്ഥാനത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വരാജ് ട്രോഫി പുരസ്കാരം നൽകുന്നത്. 25 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. കൊല്ലം ജില്ലാ പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. സംസ്ഥാനത്ത് മുന്നിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ മംഗലപുരം ഗ്രാമപഞ്ചായത്തിനാണ്.  ജില്ലാതലത്തിൽ മികവുതെളിയിച്ച ഗ്രാമപഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം ചെമ്മരുതിയും രണ്ടാം സ്ഥാനം കുളത്തൂരും നേടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!