മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു;ലിഫ്റ്റില്‍ രോഗികളെ കയറ്റുന്നില്ലെന്ന പരാതിക്ക് ഉടന്‍ നടപടി

IMG-20220218-WA0007

 

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. കോവിഡ് വാര്‍ഡ്, കോവിഡ് ഐസിയു എന്നിവ നേരിട്ട് സന്ദര്‍ശിച്ചു. കേസ് ഷീറ്റുകള്‍ പരിശോധിക്കുകയും സീനിയര്‍ ഡോക്ടര്‍മാരുടെ സന്ദര്‍ശന സമയം ഉള്‍പ്പെടെയുള്ളവ വിലയിരുത്തുകയും ചെയ്തു. ജീവനക്കാരുമായും രോഗികളുമായും അവരുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. അത്യാഹിത വിഭാഗം, മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് എന്നിവിടങ്ങളിലെ വിവിധ വിഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനം നേരില്‍ കാണുകയും ചെയ്തു. അത്യാഹിത വിഭാഗത്തിലെ റെഡ് സോണ്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം എന്നിവയും മന്ത്രി സന്ദര്‍ശിച്ചു.

 

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുന്ന ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ മന്ത്രി പരിശോധിച്ചു. എത്രയും വേഗം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങളൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.ലിഫ്റ്റില്‍ രോഗികളെ കയറ്റുന്നില്ലെന്ന പരാതിക്ക് മന്ത്രി ഉടന്‍ നടപടി സ്വീകരിച്ചു. അത്യാഹിത വിഭാഗം സന്ദര്‍ശിക്കുന്ന സമയത്താണ് ചില രോഗികളുടെ ബന്ധുക്കള്‍ വന്ന് തങ്ങളെ ലിഫ്റ്റില്‍ കയറ്റുന്നില്ലെന്ന് മന്ത്രിയോട് പരാതി പറഞ്ഞത്. ഉടന്‍ തന്നെ മേലാല്‍ ഇത്തരം സംഭവമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലിഫ്റ്റ് ഓപ്പറേറ്ററോട് മന്ത്രി പറഞ്ഞു. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആശുപത്രി അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശവും നല്‍കി.

 

മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനും അക്കാഡമിക് നിലവാരം ഉയര്‍ത്തുന്നതിനും വേണ്ടി രൂപീകരിച്ച കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കൂടിയാണ് സന്ദര്‍ശനം നടത്തിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. രവീന്ദ്രന്‍ എന്നിവര്‍ ഈ കമ്മിറ്റിയിലുണ്ട്. മെഡിക്കല്‍ കോളേജിലെ കാര്യങ്ങളാണ് ഈ കമ്മിറ്റി പരിശോധിക്കുന്നത്. ഒരു രോഗി അത്യാഹിത വിഭാഗത്തിലെത്തിയാല്‍ സമയം വൈകാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കണം. കാര്‍ഡിയോളജിയ്ക്ക് ശക്തമായ ഒരു ടീമിനെ അത്യാഹിത വിഭാഗത്തില്‍ സജ്ജമാക്കണം. സ്‌ട്രോക്ക് ചികിത്സ ഉരപ്പാക്കണം. സ്‌ട്രോക്ക് കാത്ത്‌ലാബ് ഏപ്രില്‍ മാസത്തോടെ പ്രവര്‍ത്തനസജ്ജമാക്കും. അത്യാഹിത വിഭാഗത്തിലും കോവിഡ് വാര്‍ഡുകളിലും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകണം.

 

മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായ ഇടപെടലുകളാണ് നടത്തി വരുന്നത്. പല തവണ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുകയും മീറ്റിംഗ് വിളിച്ച് കൂട്ടുകയും ചെയ്തിട്ടുണ്ട്. എത്രയും വേഗം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അതിന്റെ കൂടി പ്രവര്‍ത്തനം വിലയിരുത്താനാണ് മെഡിക്കല്‍ കോളേജിലെത്തിയതെന്നും മന്ത്രി പറഞ്ഞു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. അനില്‍ സുന്ദരം വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!