പൂന്തുറ:പൂന്തുറ തീരത്തെ കടലേറ്റത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ജിയോ ട്യൂബ് സ്ഥാപിക്കുന്ന പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പൂന്തുറ മുതൽ വലിയ തുറ വരെയുള്ള തീരസംരക്ഷണത്തിനായി ജിയോട്യൂബ് ഉപയോഗിച്ച് ഓഫ് ഷോർ ബ്രേക്ക് വാട്ടർ നിർമിക്കുന്നതിന് 150 കോടി രൂപയാണ് കിഫ്ബി വകയിരുത്തിയിട്ടുള്ളത്. പൂന്തുറ പ്രദേശത്തെ 700 മീറ്റർ തീരസംരക്ഷണത്തിനായി മാത്രം 19 കോടി വകയിരുത്തിയിട്ടുണ്ട്. പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ പൂന്തുറ തീരത്ത് നിന്ന് 125 മീറ്റർ ഉള്ളിൽ തീരക്കടലിൽ 700 മീറ്റർ നീളത്തിലാണ് ജിയോ ട്യൂബ് സ്ഥാപിക്കുന്നത്.
തീരത്തു നിന്ന് ഏകദേശം 80 മുതൽ 120 മീറ്റർ അകലത്തിൽ തീരത്തിനു സമാന്തരമായി ആറു മീറ്റർ ആഴമുള്ള, സമുദ്രത്തിന്റെ അടിത്തട്ടിൽ 15 മീറ്റർ വ്യാസമുള്ള സിന്തറ്റിക് ജിയോ ട്യൂബുകളിൽ മണൽ നിറച്ച് മൂന്ന് അടുക്കുകളായി സ്ഥാപിക്കും. ഓരോ ബ്രേക്ക് വാട്ടർ യൂണിറ്റിന്റേയും നീളം 100 മീറ്ററും ഇവ തമ്മിലുള്ള അകലം 50 മീറ്റർ ആയും നിജപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ അഞ്ച് യൂണിറ്റ്കളാണ് സ്ഥാപിക്കുന്നത്. നിലവിൽ മൂന്നു ട്യൂബുകൾ സ്ഥാപിച്ചു കഴിഞ്ഞു. പൂന്തുറയിൽ സ്ഥാപിക്കുന്ന ആദ്യ ഘട്ടം വിജയം കണ്ടാൽ ശംഖുമുഖം വരെയുള്ള തീരക്കടലിൽ ഇതേ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അതിവേഗത്തിൽ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും മാർച്ചിനു മുൻപു തന്നെ 700 മീറ്റർ ട്രയൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. വർഷകാലം തുടങ്ങുന്നതിനു മുൻപു തന്നെ പണി പൂർത്തിയായാൽ മാത്രമേ പദ്ധതി വിജയമാണോ എന്ന് മനസിലാക്കാൻ സാധിക്കൂ. വേഗത്തിൽ പണി പൂർത്തിയാക്കാൻ കൂടുതൽ യന്ത്രോപകരണങ്ങളും ജീവനക്കാരേയും ഉടൻ എത്തിക്കും. ചെറിയമുട്ടത്തു തുടങ്ങി പൂന്തുറപള്ളി വരെയുള്ള ആദ്യഘട്ടം ഉടൻ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
തീരസംരക്ഷണത്തിന് കോടിക്കണക്കിന് രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ തീരദേശ വികസനത്തിനായി 11,500 കോടി രൂപ മുടക്കിയതിൽ 7,000 കോടി രൂപയും തീര സംരക്ഷണത്തിനായിട്ടാണ് ചെലവഴിച്ചതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഈ മന്ത്രിസഭ അധികാരത്തിൽ വന്നതിനു ശേഷം 1,500 കോടിയുടെ ഭരണാനുമതി നൽകി. കേരളത്തിൽ പലയിടത്തും അതിന്റെ പ്രവർത്തികൾ ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. തീരദേശ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന പാറകളുടെ ഉപയോഗം കുറച്ചുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാനും പദ്ധതി സഹായിക്കും. കൂടാതെ സമുദ്ര ജീവികളുടെ പ്രജനനത്തിന് സഹായകരമാകുന്ന വിധത്തിലുള്ള ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനും ജിയോ ട്യൂബ് സംവിധാനം സ്ഥാപിക്കുന്നതു വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽക്ഷോഭം നേരിടുന്ന പ്രദേശമാണ് പൂന്തുറ. തുടർച്ചയായ കടൽ ക്ഷോഭത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ ഇവിടെ നിന്ന് മാറിപ്പോയ സാഹചര്യത്തിലാണ് ജിയോട്യൂബ് ഉപയോഗിച്ച് ഓഫ് ഷോർ ബ്രേക്ക് വാട്ടർ നിർമിക്കുന്നതിന് അനുമതി നൽകിയത്. മുംബൈയിലെ ഡി.വി.പി ഇ.സി.സി ജോയ്ന്റ് വെഞ്ച്വർ എന്ന കമ്പനിക്കാണ് നിർമാണ ചുമതല. 1,000 ടൺ ശേഷിയുള്ള ബാർജുകൾ, ഉയർന്ന ശേഷിയുള്ള സാന്റ് പമ്പ് ഡ്രഡ്ജറുകൾ, സ്‌കൂബ ഡൈവിംഗ് സംവിധാനം, ഓക്സിജൻ ജനറേറ്റർ ഘടിപ്പിച്ചിട്ടുള്ള പ്രത്യേകതരം ബാർജുകൾ, റഗ്ഗുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ചൈനയിൽ നിന്ന് വൈദഗ്ധ്യമുള്ള ഏജൻസികൾ സൂക്ഷ്മ പരിശോധന നടത്തി ഇറക്കുമതി ചെയ്തിട്ടുള്ള ജിയോട്യൂബുകളാണ് ഉപയോഗിക്കുന്നത്.
ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻ ഐ ഒ റ്റി) യുടെ സാങ്കേതിക സഹായത്തോടെ തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.കൗൺസിലർ മേരി ജിപ്സി, തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഷെയ്ഖ് പരീത്, ചീഫ് എൻജിനീയർ മുഹമ്മദ് അൻസാരി.എം.എ, എൻ.ഐ.ഒ.ടി ഉദ്യോഗസ്ഥരായ കിരൺ എ.എസ്, നീരജ് പ്രകാശ് എന്നിവരും മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.