തിരുവനന്തപുരം: തിരുവല്ലം ബൈപ്പാസ് റോഡിൽ കാറിൽ നിന്ന് മയക്കുമരുന്നുമായി 2 യുവാക്കൾ പിടിയിൽ. പട്രോളിംഗിലാണ് 6 ഗ്രാം എം.ഡി.എം.എയും ഇത് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളുമായി ബീമാപള്ളി സ്വദേശികളായ പുതുവൽ പുരയിടം അബ്ദുൽ റഹ്മാൻ (26),വലിയവിളാകം പുരയിടം വീട്ടിൽ സഹീർഖാൻ(21) എന്നിവരെ തിരുവല്ലം പൊലീസ് പിടികൂടിയത്. തിരുവല്ലം വാഴമുട്ടം ബൈപ്പാസിലെ സർവീസ് റോഡിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ യുവാക്കൾ കാറുകളിൽ വന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പൊലീസിനു ലഭിച്ച വിവരത്തെ തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ ആഴ്ചയിലും ഇത്തരത്തിലുള്ള ഒരു കേസ് പിടിച്ചിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസിന്റെ ആന്റി ഡ്രഗ് ഡ്രൈവിന്റെ ഭാഗമായി പരിശോധന തുടരുകയാണെന്ന് തിരുവല്ലം എസ്.എച്ച്. ഒ സുരേഷ്.വി.നായർ പറഞ്ഞു. എസ്.ഐ ബിപിൻ പ്രകാശ്, വൈശാഖ്, ജസ്റ്റ്റോയ് സി.പി. ഒ മാരായ രാജീവ്, വിനയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.