തിരുവനന്തപുരം: മണക്കാട് എം.എസ്.കെ. നഗറിൽ ലഹരിസംഘം പോലീസിനെ ആക്രമിച്ചു. ഫോർട്ട് സി.ഐ. ജെ.രാകേഷ്, സിവിൽ പോലീസ് ഓഫീസർമാരായ രാകേഷ്, ഗിരീഷ് എന്നിവർക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ലഹരി ഉപയോഗിച്ച് ഒരുസംഘം എം.എസ്.കെ. നഗറിൽ ബഹളം വയ്ക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്.ഉത്സവത്തിനിടെ ബഹളമുണ്ടാക്കുന്നവരോടു പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. തുടർന്ന് ഇവർ പോലീസിനുനേരെ തിരിയുകയായിരുന്നു. കമ്പും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ഇവർ പോലീസിനെ ആക്രമിച്ചു.
സി.ഐ. രാകേഷിന് കഴുത്തിനാണ് അടിയേറ്റത്. മർദനം തടയാൻ ശ്രമിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന പോലീസുകാർക്കും മർദനമേറ്റത്.സ്ഥലത്ത് സംഘർഷമുണ്ടായതോടെ കൂടുതൽ പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയായിരുന്നു.തുടർന്ന് പരിക്കേറ്റ പോലീസുകാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമി സംഘത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടിയിലാവുമെന്നും ഫോർട്ട് എ.സി. ഷാജി പറഞ്ഞു.പോലീസുകാരെ ആക്രമിച്ച ആറുപേരിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.