തിരുവനന്തപുരം :ശാന്തിഗിരി ആശ്രമത്തിലെ 21ആമത് പൂജിത പീഠം സമർപ്പണം ആഘോഷങ്ങൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവോടെ അനുമതി നൽകി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ്. ആഘോഷങ്ങളുടെ ഭാഗമായുള്ള യോഗത്തിന് ആശ്രമ മേഖലയിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 200 പേർക്ക് പങ്കെടുക്കാം. പൂജിതപീഠം സമർപ്പണം ഘോഷയാത്രയിൽ 1500 പേർക്ക് പങ്കെടുക്കാം. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് പ്രവേശനം. ചടങ്ങിൽ പങ്കെടുക്കുന്നവർ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആയവരോ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയവരോ ആയിരിക്കണം. രോഗലക്ഷണങ്ങളില്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. വോളണ്ടിയർമാർക്കും നിർദേശം ബാധകമാണ്.യോഗവേദിയിലും ആശ്രമപരിസരത്തും കോവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കണം.ക്യൂ അല്ലെങ്കിൽ ബാരിക്കേഡ് തുടങ്ങിയ സംവിധാനങ്ങളിലൂടെ പോലീസും സംഘാടകരും ആൾക്കൂട്ടത്തെ നിയന്ത്രിക്കണം.
ആശ്രമപരിധിക്കുള്ളിൽ മാത്രമാണ് ഘോഷയാത്രക്ക് അനുമതി. പൊതുജനങ്ങളുടെ അകമ്പടിവാഹനങ്ങളോ വിളംബരവാഹനങ്ങളോ അനുവദിക്കില്ല. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ മുഴുവൻ സമയവും കോവിഡ് പ്രോട്ടോക്കോൾ (മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം) പാലിക്കണം. പൂജിതപീഠം സമർപ്പണം ചടങ്ങുകളുടെ ഭാഗമായി ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്യാൻ പാടില്ല. കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ആശ്രമ പരിധിയിൽ പ്രവേശനം അനുവദിക്കില്ല. ആഘോഷങ്ങളുടെ ഭാഗമായി എല്ലവിധ സുരക്ഷാക്രമീകരണങ്ങളും സംഘാടകർ ഏർപ്പെടുത്തേണ്ടതും ആയത് പോലീസ് ഉറപ്പുവരുത്തേണ്ടതാണെന്നും ജില്ലാ ദുരന്തനിവാരണ അേേതാറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിൽ പറയുന്നു. ഫെബ്രുവരി 22നാണ് ശാന്തിഗിരി ആശ്രമത്തിലെ പൂജിത പീഠം സമർപ്പണം ആഘോഷങ്ങൾ.