രാജ്യത്ത് എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. കോവിഡിന്റെ മൂന്നാംതരംഗം ഇന്ത്യയിൽ അവസാനഘട്ടത്തിലാണ്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നത് പരിശോധിക്കുന്നത്. ഇക്കാര്യം ചർച്ചചെയ്യാൻ ദേശീയ സാങ്കേതിക ഉപദേശകസമിതി (എൻ.ടി.എ.ജി.ഐ.). അടുത്തയാഴ്ച യോഗംചേരും.
നാലുമാസംവരെയാണ് ബൂസ്റ്റർ ഡോസിന് പ്രതിരോധം നൽകാനാവുക. ആവർത്തിച്ചുള്ള ബൂസ്റ്റർ ഡോസുകൾ ഗുണത്തേക്കാൾ ദോഷംചെയ്തേക്കാമെന്ന യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ മുന്നറിപ്പുണ്ട്. പ്രതിരോധസംവിധാനത്തെ പ്രതികൂലമായി ബാധിക്കാമെന്നതിനാൽ ബൂസ്റ്റർ ഡോസ് ശുപാർശചെയ്യില്ലെന്നും ഏജൻസി വ്യക്തമാക്കുന്നു.