വിഴിഞ്ഞം:വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് തിരയടി തടയാൻ ബ്രേക്ക് വാട്ടറിന്റെ നീളം കൂട്ടണമെന്ന് കേന്ദ്ര പഠന സംഘം.കേന്ദ്ര ഏജൻസി നടത്തിയ പഠന റിപ്പോർട്ടിലാണ് വ്യക്തമാക്കുന്നത്.തുറമുഖത്തെ സീവേർഡ് ബ്രേക്ക് വാട്ടറിന്റെ നീളം കൂട്ടണമെന്നാണ് നിർദ്ദേശം.കാലവർഷത്തിൽ മത്സ്യബന്ധന തുറമുഖത്തേക്ക് ശക്തമായ തിരയടിയുണ്ടാകാറുണ്ട്. ഇതുകാരണം മത്സ്യബന്ധന വള്ളങ്ങൾക്ക് ഹാർബർ മൗത്ത് വഴി മത്സ്യ ബന്ധനത്തിന് പോകാനും വരാനും ബുദ്ധിമുട്ടുണ്ടാകുന്നുവെന്നാണ് പരാതി. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ (വിസിൽ) നേതൃത്വത്തിൽ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷനാണ് 8 മാസങ്ങളായി പഠനം നടത്തിയത്. സീവേർഡ് ബ്രേക്ക് വാട്ടർ 45 ഡിഗ്രി ചരിവിൽ 280 മീറ്റർ നീളം കൂട്ടണമെന്നാണ് വിസിലിന് സമർപ്പിച്ച റിപ്പോർട്ടിലുള്ളതെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. ഇവിടെ 13 മീറ്റർ താഴ്‌ച വരെയുള്ള ഭാഗത്താകും ബ്രേക്ക് വാട്ടർ നീളം കൂട്ടേണ്ടത്.വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിയ്ക്കായി സമർപ്പിക്കും.