തിരുവനന്തപുരം : കരമന – കളിയിക്കാവിള നാലുവരി പാതയിൽ നീറമൺകര മുതൽ പ്രാവച്ചമ്പലം വരെയുള്ള ഭാഗത്ത് ഡിവൈഡറിൽ തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ഇതേ പാതയിൽ പ്രാവച്ചമ്പലം മുതൽ ബാലരാമപുരം കൊടിനട വരെ ഡിവൈഡറിൽ തെരുവു വിളക്കുകൾ സ്ഥാപിച്ച പശ്ചാത്തലത്തിലാണ് നീറമൺകര മുതൽ പ്രാവച്ചമ്പലം വരെയുള്ള പാതയുടെ കാര്യം പരിശോധിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടത്. കരമന – കളിയിക്കാവിള റോഡിന്റെ ഒന്നാം സ്ട്രച്ചാണ് പുതുതായി നിർമ്മിച്ച നീറമൺകര- പ്രാവച്ചമ്പലം പാത.
പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ചീഫ് എഞ്ചിനീയർ ഇക്കാര്യം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നോട്ടീസിൽ ആവശ്യപ്പെട്ടു.കൈമനം, പാപ്പനംകോട്, കാരയ്ക്കാമണ്ഡപം, നേമം തുടങ്ങിയ തിരക്കേറിയ ജംഗ്ഷനിലൂടെ കടന്നു പോകുന്ന ദേശീയ പാതാ തമിഴ് നാട്ടിലേക്കുള്ള കവാടം കൂടിയാണ്. നീറമൺകര – പ്രാവച്ചമ്പലം ഡിവൈഡർ പൊതുമരാമത്ത് വകുപ്പ് തിരിഞ്ഞു നോക്കാറില്ല. ചെടികൾ വളർന്ന് റോഡ് മുറിച്ചു കടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. രാത്രികാലങ്ങളിൽ റോഡ് മുറിച്ചു കടക്കുന്നത് തെരുവു വിളക്കില്ലാത്തതിനാൽ അപകടങ്ങൾക്ക് കാരണമാകുന്നു. നിരവധിയാളുകൾ ഇവിടെ അപകടത്തിൽ മരിച്ചിട്ടുണ്ട്. എന്നാൽ പ്രാവച്ചമ്പലം – ബാലരാമപുരം റോഡിലെ ഡിവൈഡർ ചെടി നട്ട് വൃത്തിയായി പരിപാലിക്കുന്നുണ്ട്. പൊതു പ്രവർത്തകനായ ശാന്തിവിള പത്മകുമാർ സമർപ്പിച്ച പരാതിയിൽ പറയുന്നു.