തിരുവനന്തപുരം: രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ സൈനിക പോരാളികൾക്കായി തലസ്ഥാനത്ത് യുദ്ധസ്‌മാരകം നിർമ്മിക്കുന്നു. ആക്കുളത്ത് ഇതിനായി 1.50 ഏക്കർ പുറമ്പോക്ക് ഭൂമിയാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. യുദ്ധസ്‌മാരകത്തിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചു. നേരത്തെ ശംഖുംമുഖത്ത് യുദ്ധസ്‌മാരകം നിർമ്മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, തീരത്ത് ഭൂമി ലഭിക്കാനുള്ള ബുദ്ധിമുട്ടുകളെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിന് സമീപത്ത് ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ യുദ്ധസ്‌മാരകം നിർമ്മിക്കാൻ തീരുമാനിച്ചത്. ആക്കുളത്തുള്ള 1.15 ഏക്കർ പുറമ്പോക്ക് ഭൂമി സൈനിക ക്ഷേമ വകുപ്പിന് കൈമാറിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.