പഴഞ്ചിറക്കുളത്തിനോട് ചേര്‍ന്ന് ബയോ പാര്‍ക്ക് ഒരുങ്ങുന്നു

IMG_21022022_225520_(1200_x_628_pixel)

തിരുവനന്തപുരം:നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ജൈവവൈവിധ്യ കലവറയുമായ, മേല്‍കടയ്ക്കാവൂര്‍ പഴഞ്ചിറക്കുളം കേന്ദ്രീകരിച്ച് ബയോ പാര്‍ക്ക് സ്ഥാപിക്കാനൊരുങ്ങി ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജലക്കുളങ്ങളിലൊന്നായ പഴഞ്ചിറക്കുളത്തിനെ ജൈവവൈവിധ്യ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പഠനം ഇതിനോടകം ആരംഭിച്ചതായും ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇവിടെ നിന്നും അപൂര്‍വങ്ങളായ പല ജീവജാലങ്ങളെയും സസ്യവിഭാഗങ്ങളെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

പത്തേക്കറോളം വ്യാപിച്ച് കിടക്കുന്ന കുളത്തിന് ചുറ്റും കയര്‍ ഭൂവസ്ത്രം വിരിച്ച് തീരസംരക്ഷണം ഉറപ്പാക്കലാണ് ആദ്യഘട്ടം. കുളത്തിനുചുറ്റും ഈറ, മുള, കണ്ടല്‍ എന്നിവ വച്ചുപിടിപ്പിക്കുന്നതിനൊപ്പം പൂന്തോട്ട നിര്‍മ്മാണത്തിനും പദ്ധതിയുണ്ട്. അപൂര്‍വങ്ങളായ പലയിനം ശുദ്ധജലമത്സ്യങ്ങളുടെയും ദേശാടന പക്ഷികളുടെയും സസ്യവിഭാഗങ്ങളുടെയും കലവറകൂടിയാണ് പഴഞ്ചിറക്കുളം. ഇവയെ ആവാസവ്യവസ്ഥയോടൊപ്പം തന്നെ സംരക്ഷിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. എത്ര കടുത്ത വേനലിലും വറ്റാത്ത കുളത്തിലെ ജലം കാര്‍ഷിക ആവശ്യങ്ങള്‍ക്ക് നേരത്തെ തന്നെ ഉപയോഗിക്കുന്നുണ്ട്. ഇത് വിപുലീകരിക്കാന്‍ കഴിയുമോയെന്നും പരിശോധിക്കും. ഇതിന് പുറമെ പഞ്ചായത്തിലെ കാവുകളുടെയും മറ്റ് ജലാശയങ്ങളുടെയും സംരക്ഷണവും പുനര്‍നിര്‍മാണവും പരിഗണനയിലുണ്ട്. ചിറയിന്‍കീഴിലെ വിനോദസഞ്ചാര വികസനത്തിന് പഴഞ്ചിറക്കുളം ബയോ പാര്‍ക്ക് നിര്‍മ്മാണം മുതല്‍ക്കൂട്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.

വിവിധ മേഖലകളിലെ ഇരുപത്തിയഞ്ചോളം പേര്‍ ആറ് സംഘങ്ങളായി കഴിഞ്ഞ ദിവസം പഴഞ്ചിറക്കുളത്തിലും സമീപ പ്രദേശങ്ങളിലും നടത്തിയ വിവര സമാഹരണത്തില്‍ നിരവധി ജീവജാലങ്ങളെ കണ്ടെത്തിയിരുന്നു. വിവിധങ്ങളായ സസ്യജാലങ്ങള്‍, ചിത്രശലഭങ്ങള്‍, ദേശാടന പക്ഷികള്‍, തുമ്പികള്‍ തുടങ്ങിയവയെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. കുളത്തിലെ സൂക്ഷ്മ ജീവികളെക്കുറിച്ചുള്ള പഠനം ആവശ്യമെങ്കില്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!