തിരുവനന്തപുരം: തുമ്പ വി.എസ്.എസ്.സിയിലെ നവീകരിച്ച സ്‌പേസ് മ്യൂസിയം ഇന്നലെ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇന്ത്യൻ ബഹിരാകാശ മേഖലയിലെ വളർച്ചയുടെ കഥപറയുന്ന സുപ്രധാന മ്യൂസിയമാണ് തുമ്പയിലേത്. . തുമ്പ വേളിഹിൽസിലെ മേരി മഗ്ദലീന പള്ളിയാണ് 1985 മുതൽ സ്‌പേസ് മ്യൂസിയമാക്കിയത്. പി.എസ്.എൽ.വിയുടെ പൂർണമാതൃകയും ജി.എസ്.എൽ.വി, പി.എസ്.എൽ.വി, എ.എസ്.എൽ.വി റോക്കറ്റുകളുടെ മാതൃകകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ചടങ്ങിൽ വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്. ഉണ്ണിക്കൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു. മ്യൂസിയം കാണാൻ താത്പര്യമുള്ളവർ 0471 2564292 എന്ന ഫോൺ നമ്പരിലോ, ao_pro@vssc.gov.in എന്ന മെയിൽ വിലാസത്തിലോ ബന്ധപ്പെടണം