ആറ്റിങ്ങൽ: ആറ്റിങ്ങൽ മാമം ചിറ്റാറ്റിൻകരയിൽ പുരയിടത്തിൽ തളച്ചിരുന്ന പിടിയാന ഇടഞ്ഞ് ചങ്ങല അഴിഞ്ഞത് പരിഭ്രാന്തി പരത്തി. ഉള്ളൂർ നീരാഴി ലൈൻ സ്വദേശി അനിൽകുമാറിന്റെ ശിവപാർവതി എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാൻ ചിറ്റാറ്റിൻകര സ്വദേശി കുട്ടപ്പന്റെ വീടിന് സമീപത്തെ പുരയിടത്തിൽ ദിവസങ്ങളായി തളച്ചിട്ടിരിക്കുകയായിരുന്നു. പാപ്പാൻ സമീപത്തില്ലാതിരുന്ന സമയത്ത് ആന ഇടഞ്ഞതോടെ ചങ്ങല അഴിഞ്ഞു. പാപ്പാനും സഹായിയും എത്തി തളയ്ക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ല . നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ കൂടുതൽ ഇടഞ്ഞ് റോഡിലേക്ക് കയറിയെങ്കിലും പാപ്പാനും സഹായിയും ചേർന്ന് നിയന്ത്രിച്ചു സമീപത്തെ പുരയിടത്തിൽ കയറ്റി. സംഭവമറിഞ്ഞ് ആറ്റിങ്ങൽ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. പൊലീസ് അറിയിച്ചതനുസരിച്ച് ഉള്ളൂരിൽ നിന്നും ഉടമ എത്തി ഭക്ഷ്യ വസ്തുക്കൾ നൽകി ആനയെ അനുനയിപ്പിച്ചു. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം വൈകിട്ട് 6.30 ഓടെ കൂച്ചു വിലങ്ങിട്ട് ആനയെ തളച്ചു