വെമ്പായം : കാൽവഴുതി കുളത്തിൽ വീണ് നാല് വയസുകാരൻ മരിച്ചു. തേക്കട കുളക്കോട് മുനീറയുടെ മകൻ ലാലിൻ മുഹമ്മദാണ് (4) മരിച്ചത്. തേക്കട കുളത്തിൻകര പെരുമ്പിലാംകോട് കുളക്കോട് അങ്കണവാടിക്ക് സമീപമായിരുന്നു അപകടം.വൈകിട്ട് മുനീറ പാൽ വാങ്ങുന്നതിനായി കുട്ടിയെ 500 മീറ്റർ അകലെയുള്ള മറ്റൊരു വീട്ടിലേക്ക് വിട്ടു.ഏറെ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനാൽ മൂത്ത മകൻ ലല്ലു അന്വേഷിച്ചു പോയി.റോഡിന് സമീപത്തെ കുളത്തിന്റെ കരയിൽ വാഴയുടെ ചുവട്ടിൽ പാൽ ഇരിക്കുന്നത് കണ്ട് ലല്ലൂ കുളത്തിലേക്ക് നോക്കിയപ്പോൾ മുഹമ്മദ് ലാലിൻ കുളത്തിൽ കിടക്കുന്നത് കാണുകയായിരുന്നു. ലല്ലൂ വിവരം അമ്മയെ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ മുനീറയുടെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ കുളത്തിൽ നിന്നെടുത്തത്. കുട്ടിയെ 108 ആംബുലൻസിൽ കന്യാകുളങ്ങര ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാൽ വാങ്ങി വീട്ടിലേക്ക് പോകും വഴി മുഹമ്മദ് ലാലിൻ കുളത്തിലേക്ക് എത്തി നോക്കിയപ്പോൾ കാൽ വഴുതി വീണതാകാമെന്ന് നാട്ടുകാർ പറയുന്നു.